ഇറാഖിലെ മൂസില്‍ അനാഥബാല്യങ്ങള്‍ നിരവധി

ബാഗ്ദാദ്: 13കാരി ദുനിയക്ക് ഒന്നും കേള്‍ക്കാനാവില്ല, മിണ്ടാനുമാവില്ല. എന്നാല്‍, തനിക്കറിയാവുന്ന ഭാഷയിലൂടെ പിതാവ് കൊല്ലപ്പെട്ടതെങ്ങനെയെന്ന് അവള്‍ വിവരിക്കുന്നു. അടിവയറ്റിലേക്ക് വിരല്‍ ചൂണ്ടി വെടിയുണ്ട പിതാവിന്‍െറ വയറുതുളച്ച് കടന്നുപോയത് കാണിക്കുന്നു. പിന്നെ കാലുകള്‍ തൊട്ടുകാണിക്കുന്നു. ആക്രമികളുടെ രണ്ടാമത്തെ വെടിയുണ്ട തകര്‍ത്തത് പിതാവിന്‍െറ കാലുകളായിരുന്നു. കാലുകള്‍ തകര്‍ന്ന അദ്ദേഹം നിലത്തേക്കുവീണതും അവള്‍ വിവരിച്ചുതരുന്നു.
തൻെറ ഭര്‍ത്താവ്  സുലൈമാന്‍ അബ്ബാസിനെ 2014 ജൂണിലാണ് ഐ.എസ് വെടിവെച്ചുകൊന്നതെന്ന് ദുനിയയുടെ ഉമ്മ മുൻതഹ അലി പറയുന്നു. ഭര്‍ത്താവിന്‍െറ മരണത്തിനുശേഷം മൂസില്‍നിന്ന് അഭയാര്‍ഥിക്യാമ്പിലാണ് അവര്‍. കുട്ടികളുടെ മുന്നില്‍വെച്ചാണ് ഐ.എസ് കൊലനടത്തിയത്. ആ കാഴ്ച കണ്ട അവര്‍ ചകിതരായി.
മൂസിലെ ടാക്സി ഡ്രൈവറായിരുന്നു സുലൈമാന്‍ അബ്ബാസ്. എര്‍ബിലിലെ ബഹര്‍കാ ക്യാമ്പിലാണ് ഇപ്പോള്‍ ഈ കുടുംബം കഴിയുന്നത്. ഇറാഖില്‍ ഐ.എസിന്‍െറ ആക്രമണം ഭയന്ന് പലായനം ചെയ്തവര്‍ നാലായിരത്തിലേറെ വരും. ആയിരക്കണക്കിന് കുട്ടികളെയാണ് ഇറാഖില്‍ ഐ.എസ് അനാഥരാക്കിയത്. ദുനിയയെ സംരക്ഷിക്കാന്‍ ഉമ്മയുണ്ട്. എന്നാല്‍, മാതാവും പിതാവും നഷ്ടപ്പെട്ട എത്രയോ കുഞ്ഞുങ്ങളുണ്ടിവിടെ. അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും അതെങ്ങുമത്തെിയില്ല.
ഏഴുവയസ്സുകാരനായ ഖാലിദിന് ഉപ്പയും ഉമ്മയും എവിടെയെന്ന് ഇപ്പോഴുമറിയില്ല. അവരെക്കുറിച്ച് ചെറിയൊരു ഓര്‍മമാത്രമാണ് അവനുള്ളത്. അവന്‍െറ ഉപ്പയുടെ സഹോദരിയാണ് അവനെ സംരക്ഷിക്കുന്നത്.
16കാരി സൈനബ് ഉപ്പയുമുമ്മയുമൊന്നിച്ച് കഴിഞ്ഞിരുന്ന നല്ലനാളുകള്‍ ഓര്‍ക്കുകയാണ്. റബീഅയിലായിരുന്നു അവരുടെ കുടുംബം. ഇളയസഹോദരന്‍െറ സംരക്ഷണച്ചുമതലയും തനിക്കായതിനാല്‍ ഒരമ്മയുടെ റോളും ഉണ്ടെന്ന് അവള്‍ സമ്മതിക്കുന്നു.
റബീഅ വിട്ടതിനുശേഷം അവള്‍ക്ക് സ്കൂളില്‍ പോകാനും കഴിഞ്ഞില്ല. മൊസൂളില്‍ ഈവര്‍ഷം ഇത്തരത്തിലുള്ള 588 കേസുകളാണ് യൂനിസെഫ് റിപ്പോര്‍ട്ട് ചെയ്തത്.
വടക്കന്‍ ഇറാഖിലെ പ്രധാനനഗരമായ മൂസില്‍ 2014 ജൂണിലാണ് ഐ.എസ് പിടിച്ചെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.