സൗദി ഓജര്‍ വില്‍പന നീക്കം അന്തിമ ഘട്ടത്തില്‍

ദമ്മാം: മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദി ഓജര്‍ കമ്പനി വില്‍ക്കാനുള്ള ഉടമകളുടെ ശ്രമം അന്തിമഘട്ടത്തില്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കമ്പനിയുടെ ബാധ്യതകള്‍ ഉള്‍പ്പെടെ കൈമാറാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനായി കമ്പനി ഉടമയും ലെബനാന്‍െറ മുന്‍ പ്രധാനമന്ത്രിയുമായ സഅദ് ഹരീരി സൗദിയിലത്തെി. ഇന്ത്യ ഗവണ്‍മെന്‍റിന്‍െറ വരെ ഇടപെടലിന് കാരണമായ ഇപ്പോഴത്തെ തൊഴില്‍ പ്രതിസന്ധിയില്‍ മുഖ്യ സ്ഥാനത്ത് നില്‍ക്കുന്ന സ്ഥാപനമാണ് സൗദി ഓജര്‍ എന്ന നിര്‍മാണ സ്ഥാപനം. മാസങ്ങളോളം ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായ തൊഴിലാളികള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടെയാണ് ഓജറിന്‍െറ പ്രശ്നങ്ങള്‍ രാജ്യാന്തര ശ്രദ്ധയില്‍ വരുന്നത്.

കമ്പനിയുടെ ഉടമസ്ഥത കൈമാറ്റത്തിനുള്ള ചര്‍ച്ചകള്‍ ബെയ്റൂത്തിലും റിയാദിലുമായി കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്നുവരികയായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയെന്നോണമാണ് ഹരീരി സൗദിയിലത്തെിയത്. ഇക്കാര്യത്തില്‍ സൗദി സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും പത്തുദിവസത്തിനുള്ളില്‍ പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ നേരിട്ടോ രാജകുടുംബത്തിലെ വ്യവസായികള്‍ ആരെങ്കിലുമോ കമ്പനിയെ ഏറ്റെടുക്കുന്നതിനെ കുറിച്ചാണ് ആലോചനകള്‍ പുരോഗമിക്കുന്നതെന്ന് അല്‍ അഖ്ബാര്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഭാഗികമായി ഉടമസ്ഥാവകാശം നിലനിര്‍ത്തുന്നതിനും ഹരീരിക്ക് താല്‍പര്യമുണ്ടത്രെ. 40 ശതമാനം ഓഹരിയാണ് ഹരീരി ആവശ്യപ്പെടുന്നതെന്നാണ് സൂചന. 300 കോടി റിയാലിന്‍െറ ശമ്പള ബാധ്യതയാണ് നിലവില്‍ കമ്പനിക്കുള്ളത്. ഇതിനുപുറമേയാണ് കോണ്‍ട്രാക്ടര്‍മാര്‍ക്കും മറ്റും നല്‍കാനുള്ള കുടിശ്ശിക. ഈ ബാധ്യതകള്‍ ഉള്‍പ്പെടെ മുഴുവന്‍ ആസ്തികളും കൈമാറുന്നതിന്മോലാണ് ചര്‍ച്ച നടക്കുന്നത്.

അതിനിടെ സൗദി ഓജറിലെ വിദേശ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സൗദി തൊഴില്‍ വകുപ്പ് അധികൃതര്‍ തയാറാക്കി വരികയാണെന്ന് ലെബനീസ് അംബാസഡര്‍ അബ്ദുല്‍ സത്താര്‍ ഈസ പറഞ്ഞു. ഓരോ ജീവനക്കാരനുമുള്ള കുടിശികയും മറ്റും പരിശോധിച്ചുവരികയാണ്. ഏതുസാഹചര്യത്തിലും ജീവനക്കാരുടെ  സാമ്പത്തിക അവകാശങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെബനാനിലെ വ്യാപാര പ്രമുഖനും പ്രധാനമന്ത്രിയുമായിരുന്ന റഫീഖ് ഹരീരിയുടെ ഉടമസ്ഥതയില്‍ ഉടമസ്ഥതയില്‍ 1978 ല്‍ റിയാദ് ആസ്ഥാനമായി സ്ഥാപിതമായതാണ് സൗദി ഓജര്‍ ലിമിറ്റഡ്. ഏഷ്യയിലും ആഫ്രിക്കയിലുമായി നിരവധി സംരംഭങ്ങള്‍ സ്ഥാപനത്തിനുണ്ട്.
2005 ലുണ്ടായ ബോംബ് സ്ഫോടനത്തില്‍ റഫീഖ് ഹരീരി കൊല്ലപ്പെട്ടതിന് ശേഷം മക്കളായ സഅദും അയ്മനുമാണ് കമ്പനി നിയന്ത്രിക്കുന്നത്. സഅദ് ആണ് കമ്പനി ചെയര്‍മാന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.