വെനിസ്വേലയില്‍ പ്രതിപക്ഷനേതാവ് വീണ്ടും ജയിലിലേക്ക്

കറാക്കസ്: ഭരണം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുന്നതിന്‍െറ ഭാഗമായി വെനിസ്വേലയില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതിപക്ഷനേതാവിനെ ജയിലിലേക്ക് മാറ്റി. സാന്‍ ക്രിസ്റ്റബര്‍ മുന്‍ മേയറായിരുന്ന ഡാനിയല്‍ സെബല്ളോസിനെ ആണ് ജയിലിലടച്ചത്. ആഭ്യന്തരമന്ത്രാലയം ഇക്കാര്യം ശരിവെച്ചിട്ടുണ്ട്. 32കാരനായ സെബല്ളോസ് സെപ്റ്റംബര്‍ ഒന്നിനു മുമ്പ് രാജ്യത്ത് കലാപത്തിന് പദ്ധതിയിട്ടതായി ഇന്‍റലിജന്‍സില്‍നിന്ന് വിവരം ലഭിച്ചതായും അത് തടയുന്നതിന്‍െറ ഭാഗമായാണ് നടപടി എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.  പ്രസിഡന്‍റ് നികളസ് മദൂറോക്കെതിരെ ഹിതപരിശോധന ആവശ്യപ്പെട്ട് വ്യാഴാഴ്ച ജനകീയ റാലി നടത്താനിരിക്കെയാണ് സംഭവം.

വൈദ്യപരിശോധനക്കാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് വീട്ടുകാരോട് പറഞ്ഞത്. ആരോഗ്യ പരിശോധനക്കെന്ന് പറഞ്ഞത്തെിയ കുറച്ചാളുകള്‍ ആംബുലന്‍സില്‍ സെബല്ളോസിനെ കൊണ്ടുപോവുകയായിരുന്നുവെന്നും പിന്നീട് ഗ്വാറികോ പ്രവിശ്യയിലെ ജയിലിലേക്ക് മാറ്റുകയായിരുന്നുവെന്നും ഭാര്യ വാര്‍ത്താ ഏജന്‍സികളോടു പറഞ്ഞു. നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും രംഗത്തുവന്നു.

കഴിഞ്ഞ ആഗസ്റ്റ് മുതല്‍ വൃക്ക സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് സെബല്ളോസിനെ ജയിലില്‍നിന്ന്  വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു.  അട്ടിമറിയുടെ ഭാഗമായി സര്‍ക്കാര്‍ വിരുദ്ധ റാലി നടത്തിയെന്നാരോപിച്ച് 2014ലാണ് സെബല്ളോസിനെയും മറ്റൊരു മേയറായ ലയോപോള്‍ഡോ ലോപസിനെയും അറസ്റ്റ് ചെയ്തത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന വെനിസ്വേലയില്‍ പണപ്പെരുപ്പം കുതിച്ചുയരുകയാണ്. പ്രതിസന്ധിയുടെ പേരില്‍ ഭരണം അട്ടിമറിക്കാനുള്ള നീക്കം തടയാന്‍ മദൂറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.