ഓങ്സാന്‍ സൂചി പ്രസിഡന്‍റായേക്കും

നയ്പിഡാവ്: സൈനിക മേധാവികളുമായുള്ള ചര്‍ച്ച വിജയകരമായതിനാല്‍ പ്രതിപക്ഷ നേതാവ് ഓങ്സാന്‍ സൂചി പ്രസിഡന്‍റായേക്കുമെന്ന് സര്‍ക്കാര്‍ അനുകൂല ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015ലെ തെരഞ്ഞെടുപ്പില്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ലമെന്‍റിലെ 86 ശതമാനം സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍, വിദേശ പൗരന്മാരെ വിവാഹം കഴിച്ചവര്‍ക്ക് രാജ്യത്തിന്‍െറ പ്രസിഡന്‍റാവാന്‍ കഴിയില്ളെന്ന് നിഷ്കര്‍ഷിക്കുന്ന ഭരണഘടനാചട്ടം പ്രസിഡന്‍റ് സ്ഥാനമേല്‍ക്കുന്നതിന് തടസ്സമായി നിന്നു. പ്രസ്തുത ചട്ടം മരവിപ്പിക്കാന്‍ സൈന്യം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്യൂചിയുടെ മരണപ്പെട്ട ഭര്‍ത്താവും രണ്ട് ആണ്‍മക്കളും ബ്രിട്ടീഷ് പൗരന്മാരാണ്. മൊത്തം പാര്‍ലമെന്‍റംഗങ്ങളില്‍ 25 ശതമാനം സൈന്യത്തിന് നീക്കിവെച്ചിരിക്കുന്നതിനാല്‍ ഭരണഘടനാ ഭേദഗതിക്കുവേണ്ട മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല. കാര്യങ്ങള്‍ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഓങ്സാന്‍ സൂചിക്ക് പ്രസിഡന്‍റാവാനുള്ള സാഹചര്യം ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍ലമെന്‍റംഗവും പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗവുമായ ക്യാവ് ഹത്വേ പ്രതികരിച്ചു. എന്നാല്‍, സൂചി അടുത്തിടെയൊന്നും പ്രസിഡന്‍റാവാന്‍ സാധ്യതയില്ളെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഭരണഘടനാ ചട്ടം മരവിപ്പിക്കാനും ഭേദഗതിചെയ്യാനും വളരെ സമയമെടുക്കും. കേവലം ടെലിവിഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അത്തരം നിഗമനത്തില്‍ എത്താനാവില്ളെന്നും അവര്‍ പറയുന്നു. നവംബറില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും മാര്‍ച്ചിലോ ഏപ്രിലിലോ ആയിരിക്കും പുതിയ പ്രസിഡന്‍റ് അധികാരമേല്‍ക്കുക.
പുതിയ പാര്‍ലമെന്‍റംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. പ്രസിഡന്‍റുസ്ഥാനത്തേക്കുള്ള മൂന്നാളുകളെ തെരഞ്ഞെടുക്കാനുള്ള യോഗ തീയതി ഇവര്‍ ഉടന്‍ പ്രഖ്യാപിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.