നേപ്പാള്‍ ഭൂകമ്പം: 48 അജ്ഞാത മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍

കാഠ്മണ്ഡു: പത്തുമാസം മാസം മുമ്പുണ്ടായ ഭൂകമ്പങ്ങളില്‍ മരിച്ച 48 അജ്ഞാത മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ അഴുകിദ്രവിച്ച നിലയില്‍. ആശുപത്രിയില്‍ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനം തകരാറിലായതിനാലാണ് ഇവ അഴുകിയത്.
പകര്‍ച്ചവ്യാധികള്‍ പെരുകുമെന്നതിനാല്‍ എത്രയും വേഗം മൃതദേഹം നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു.
33 പാക്കറ്റുകളിലായാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. ദൊലഖാ ജില്ലയിലെ  കാഠ്മണ്ഡു താഴ്വര, റസുവ ജില്ലയിലെ ലാങ്ടങ് എന്നീ മേഖലയില്‍നിന്നുള്ളവരാണ് ഭൂകമ്പത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും. ഈ മേഖലയിലെ  തദ്ദേശവാസികളും വിനോദ സഞ്ചാരികളും ഉള്‍പ്പെടെ നൂറിലേറെ പേര്‍ ദുരന്തത്തില്‍ മരിച്ചു. ഏതാനും മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിയാന്‍ പറ്റുന്നുള്ളൂ.
പലതും അഴുകിദ്രവിച്ച് അസ്ഥികൂടമായിരിക്കുന്നുവെന്ന് ആശുപത്രിയിലെ രിജെന്‍ ശ്രേസ്ത പറയുന്നു. മൃതദേഹം ശീതീകരിച്ച് സൂക്ഷിക്കുന്ന സംവിധാനം അറ്റകുറ്റപ്പണി നടത്താനും ആശുപത്രിക്കു കഴിഞ്ഞിട്ടില്ല.
അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതും മൃതദേഹങ്ങള്‍ അഴുകാന്‍ കാരണമായി. മരിച്ചവരുടെ ബന്ധുക്കള്‍ വരുമെന്ന പ്രതീക്ഷയിലാണ് ആശുപത്രിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ ഭൂകമ്പത്തില്‍ ഒമ്പതിനായിരത്തോളം പേരാണ് മരിച്ചത്. നിരവധി മൃതദേഹങ്ങള്‍ ഇപ്പോഴും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.