പ്രഥമ സമ്പൂര്‍ണ സൗരോര്‍ജ പാര്‍ലമെന്‍റ് പാകിസ്താനില്‍

ഇസ്ലാമാബാദ്: പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ പാര്‍ലമെന്‍റ് കെട്ടിടമെന്ന ഖ്യാതി പാകിസ്താന്. ചൊവ്വാഴ്ച മുതലാണ് പാക് പാര്‍ലമെന്‍റ് പൂര്‍ണമായും സൗരോര്‍ജവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്.  ചൈനയുടെ പിന്തുണയോടെയാണ് പുതിയ സംരംഭം. 55 ദശലക്ഷം യു.എസ് ഡോളറാണ് ചൈന ഇതിനായി ചെലവഴിച്ചത്.തലസ്ഥാന നഗരമായ ഇസ്ലാമാബാദില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നവാസ് ശരീഫ് സൗരോര്‍ജ മന്ദിരം ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് സൗരോര്‍ജത്തിലൂടെ പാര്‍ലമെന്‍റ് ഊര്‍ജ സ്വയംപര്യാപ്തമാവുന്നതെന്നും പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ ഇത് മാതൃകയാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2014ല്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍െറ പാകിസ്താന്‍ സന്ദര്‍ശന വേളയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. അന്നു മുതല്‍ ചൈനയുടെ സഹകരണമുണ്ടായിരുന്നു. ചൈനയും പാകിസ്താനും തമ്മിലുള്ള സൗഹൃദത്തിന്‍െറ പുതിയ ഉദാഹരണമാണിതെന്നും നവാസ് ശരീഫ് കൂട്ടിച്ചേര്‍ത്തു. പാകിസ്താനിലെ ചൈനീസ് അംബാസഡറും ഉദ്ഘാടന ചടങ്ങിനുണ്ടായിരുന്നു. 80 മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജ പാനല്‍ ഉല്‍പാദിപ്പിക്കുക. പാര്‍ലമെന്‍റിലെ ആവശ്യത്തിന് 62മെഗാവാട്ട് മതിയെന്നും ശേഷിക്കുന്ന 18  മെഗാവാട്ട്  രാജ്യത്തെ വൈദ്യുതോല്‍പാദന കേന്ദ്രത്തിന് നല്‍കുമെന്നും അസംബ്ളി സ്പീക്കര്‍ അയാസ് സാദിഖ്  അറിയിച്ചു. ഇസ്രായേലി പാര്‍ലമെന്‍റായ നെസറ്റ് ഭാഗികമായി സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.