സിറിയ: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

ഡമസ്കസ്: താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ സിറിയ  വെടിയൊച്ചകളില്‍നിന്ന് മോചനം നേടി ശാന്തതയിലേക്ക് നീങ്ങുന്നു. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് സിറിയന്‍ ജനത സമാധാനം പുലരുന്ന ദിനരാത്രങ്ങള്‍ അനുഭവിക്കുന്നത്. ചിലയിടങ്ങളില്‍ പ്രഹരശേഷി കുറഞ്ഞ റോക്കറ്റുകളും ഉപയോഗിച്ചുള്ള ഒറ്റപ്പെട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കരാറിന്‍െറ ഭാഗമായി ബശ്ശാര്‍ സൈന്യവും റഷ്യന്‍സൈന്യവും ആക്രമണം അവസാനിപ്പിച്ചു. 2015 സെപ്തംബര്‍ മുതലാണ് റഷ്യ ബശ്ശാര്‍ സര്‍ക്കാരിനു പിന്തുണയുമായി സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്.

ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ റഷ്യക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ രാജ്യം ശാന്തമാണെന്ന്  മനുഷ്യാവകാശ നിരീക്ഷണ സംഘം അറിയിച്ചു. ശക്തമായ ഏറ്റുമുട്ടലുകള്‍ നടന്നിരുന്ന അലപ്പോയും കിഴക്കന്‍ ഗൗതയും നിശ്ശബ്ദമാണിപ്പോള്‍.  അതേസമയം, തലസ്ഥാനനഗരിയില്‍ ആക്രമണം നടന്നതായി സര്‍ക്കാര്‍ ടെലിവിഷനുകള്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.

യു.എസ്-റഷ്യ ധാരണയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. വിമതരും ആക്രമണങ്ങളില്‍നിന്ന് പിന്മാറിയിട്ടുണ്ട്.  ഐ.എസും നുസ്റ ഫ്രന്‍റും വെടിനിര്‍ത്തലിന്‍െറ ഭാഗമായിട്ടില്ല. ചിലയിടങ്ങളില്‍ കരാര്‍ലംഘനം നടക്കുന്നുണ്ടെന്ന് യു.എന്‍ അംബാസഡര്‍ സ്റ്റഫാന്‍ ഡി മിസ്തുര പറഞ്ഞു. അഞ്ചാംവര്‍ഷത്തിലേക്ക് കടന്ന ആഭ്യന്തരയുദ്ധത്തില്‍ അഞ്ചുലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ദശലക്ഷക്കണക്കിനു പേര്‍ പിറന്നമണ്ണ് വിട്ട് അഭയാര്‍ഥികളായി. വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ലതാകിയയിലെ വ്യോമതാവളങ്ങളില്‍ നിന്ന് യുദ്ധവിമാനങ്ങളുടെ ഇരമ്പം കേട്ടില്ളെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഈ നില തുടരുകയാണെങ്കില്‍  വീടുകളിലേക്ക് മടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി സൈനികനായ അബ്ദുല്‍ റഹ്മാന്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.