സമൂല മാറ്റത്തിനൊരുങ്ങി സിരിസേന: ലക്ഷം തമിഴ് അഭയാര്‍ഥികള്‍ക്ക് സൗജന്യഭൂമി 

കൊളംബോ: ശ്രീലങ്കയിലെ ലക്ഷത്തോളം തമിഴ് അഭയാര്‍ഥികള്‍ക്ക് വീടുവെക്കാന്‍ സൗജന്യമായി ഭൂമി നല്‍കുമെന്ന് പ്രസിഡന്‍റ് മൈത്രിപാല സിരിസേന. എ.എഫ്.പി വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2009ല്‍ ലങ്കന്‍ ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം, കഴിഞ്ഞ ആറു വര്‍ഷമായി അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാണ് സര്‍ക്കാര്‍ ഭൂമി നല്‍കുക. ജനുവരി ഒമ്പതിന്, ലങ്കന്‍ പാര്‍ലമെന്‍റില്‍ ഭരണഘടനാ അസംബ്ളിയുടെ പ്രഖ്യാപനവും പുതിയ ഭരണഘടനയുടെ ചര്‍ച്ചയും ആരംഭിക്കാനിരിക്കെയാണ് സിരിസേനയുടെ പുതിയ നീക്കം. സര്‍ക്കാര്‍തീരുമാനത്തെ പ്രതിപക്ഷപാര്‍ട്ടികളും ആക്ടിവിസ്റ്റുകളും സ്വാഗതം ചെയ്തു. 
ആറു മാസത്തിനുള്ളില്‍തന്നെ ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന് സിരിസേന വ്യക്തമാക്കിയിട്ടുണ്ട്. 1972 മുതല്‍ 2009വരെ നടന്ന ആഭ്യന്തരയുദ്ധത്തില്‍ വടക്ക്, കിഴക്കന്‍ പ്രവിശ്യകളിലും വടക്കുപടിഞ്ഞാറന്‍ തീരദേശമേഖലയിലും അഭയാര്‍ഥികളാക്കപ്പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഭൂമി നല്‍കുന്നത്. ഇവര്‍ ഇപ്പോള്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്യാമ്പുകളിലാണ് കഴിയുന്നത്. ഈ മേഖലകളില്‍ സൈന്യം പിടിച്ചടക്കിയ ഭൂമി വിട്ടുകൊടുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അടുത്തയാഴ്ചതന്നെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
ആഭ്യന്തരകലാപം കനത്തനാശം വിതച്ച ജാഫ്ന കഴിഞ്ഞമാസം സിരിസേന സന്ദര്‍ശിച്ചിരുന്നു. കാല്‍ നൂറ്റാണ്ടിലേറെയായി ഇവിടത്തെ ക്യാമ്പുകളില്‍ കഴിയുന്ന 1300 തമിഴ് കുടുംബങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.  ഈ കുടുംബങ്ങള്‍ക്ക് സൈന്യം കൈയടക്കിവെച്ചിരിക്കുന്ന 700 ഏക്കര്‍ ഭൂമി ഒരുമാസത്തിനകം വിട്ടുനല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിരിസേനയുടെ പ്രഖ്യാപനത്തെ തമിഴ് നാഷനല്‍ അലയന്‍സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, തമിഴ് ഭൂരിപക്ഷമേഖലയില്‍ ഇപ്പോഴും തുടരുന്ന സൈനികനടപടികള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 
ജനുവരി ഒമ്പതിന് അതിനിര്‍ണായക പാര്‍ലമെന്‍റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് സിരിസേന രാജ്യത്തെ തമിഴ് അഭയാര്‍ഥികള്‍ക്ക് ആശ്വാസമാകുന്ന പദ്ധതി പ്രഖ്യാപിച്ചത്. ലങ്കയുടെ ജനാധിപത്യ സംവിധാനങ്ങളില്‍തന്നെ സമഗ്രമാറ്റത്തിന് വഴിവെക്കുന്നതാകും വരാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനം. പൊതുസഭ എന്നറിയപ്പെടുന്ന പാര്‍ലമെന്‍റ് സംവിധാനം ഇനിമുതല്‍ ഭരണഘടനാ അസംബ്ളി എന്നായിരിക്കും വിളിക്കപ്പെടുക.
 നിലവിലെ പ്രസിഡന്‍ഷ്യല്‍ സംവിധാനം ഇല്ലാതാക്കി പൂര്‍ണമായും പാര്‍ലമെന്‍ററി ജനാധിപത്യത്തിലേക്ക് മാറ്റുന്നതരത്തില്‍ പുതിയ ഭരണഘടനക്ക് രൂപംനല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചക്കും ഈ സമ്മേളനത്തില്‍ തുടക്കമാകും. പുതിയ തെരഞ്ഞെടുപ്പ് സംവിധാനം നടപ്പാക്കുക, തമിഴ് പ്രശ്നങ്ങള്‍ക്ക് നിയമപരമായിതന്നെ പരിഹാരം കണ്ടത്തെുക തുടങ്ങിയ കാര്യങ്ങളും പുതിയ ഭരണഘടനയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ പുതിയ ഭരണഘടന യാഥാര്‍ഥ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍, 1978ലെ ഭരണഘടനയാണ് ശ്രീലങ്ക പിന്തുടരുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.