പത്താന്‍കോട്ട് ആക്രമണം: കെറി ശരീഫിനെ വിളിച്ചു; അടിയന്തര നടപടിയെന്ന് പാകിസ്താന്‍

വാഷിങ്ടണ്‍: പത്താന്‍കോട്ട് ആക്രമണത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പാകിസ്താന്‍. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ ശനിയാഴ്ച രാത്രി ഫോണില്‍ ബന്ധപ്പെട്ടതിനു പിന്നാലെയാണ് പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പങ്കാളികളെന്ന് കരുതുന്നവരെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാമെന്ന് പാകിസ്താന്‍ ഉറപ്പുനല്‍കിയത്. അതിര്‍ത്തിക്കപ്പുറത്തെ പങ്ക് തെളിയിക്കുന്ന കൃത്യമായ തെളിവുകള്‍ കൈമാറാന്‍ പാകിസ്താന്‍ കഴിഞ്ഞദിവസം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പത്താന്‍കോട്ട് ആക്രമണത്തിനുശേഷം ആദ്യമായാണ് മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പാക് പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തുന്നത്.
പാകിസ്താന്‍ ആസ്ഥാനമായുള്ള സംഘടനകളും വ്യക്തികളുമാണ് ആക്രമണത്തിനു പിന്നിലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തെളിവുകളും പാകിസ്താന് കൈമാറി.
ഇന്ത്യ-പാക് ചര്‍ച്ച അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും മേഖലയില്‍ സ്ഥിരത നിലനിര്‍ത്താന്‍ പ്രധാനമന്ത്രിമാരുടെ കാര്‍മികത്വത്തില്‍ സംഭാഷണം തുടരേണ്ടതുണ്ടെന്നും കെറി വ്യക്തമാക്കിയതായി പാക് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നവാസ് ശരീഫും ഉറപ്പുനല്‍കിയിട്ടുണ്ട്. ‘സംഭവത്തില്‍ അടിയന്തര പ്രാധാന്യത്തോടെ സുതാര്യ അന്വേഷണം പുരോഗമിക്കുകയാണെന്നും സത്യം പുറത്തുകൊണ്ടുവരുന്നതോടെ വിഷയത്തില്‍ രാജ്യത്തിന്‍െറ ആത്മാര്‍ഥത ലോകത്തിന് ബോധ്യംവരുമെന്നും പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് നേരത്തേ ഉറപ്പുനല്‍കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.