പാകിസ്താന്‍ അപകടപാതയില്‍– മസ്ഊദ്

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പാകിസ്താനില്‍ വീട്ടുതടങ്കലിലാക്കിയ ജയ്ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹര്‍  ഓണ്‍ലൈനില്‍ എഴുതിയ കുറിപ്പുകള്‍ പുറത്ത്.  പാകിസ്താന്‍ ഏറ്റവും അപകടകരമായ വഴിയിലാണെന്നും തന്‍െറ അസാന്നിധ്യത്തില്‍  ദൈവത്തിന്‍െറ സൈനികര്‍  തളരരുതെന്നും ഓര്‍മിപ്പിച്ചാണ്  അസ്ഹര്‍ എഴുത്തു തുടങ്ങുന്നത്.  മസ്ജിദുകള്‍ക്കും മദ്റസകള്‍ക്കുമെതിരായ നീക്കം രാജ്യത്തിന്‍െറ അഖണ്ഡതയും ഐക്യവും തകര്‍ക്കുമെന്നും മുന്നറിയിപ്പു നല്‍കുന്ന അസ്ഹര്‍ തന്‍െറ ജയില്‍കാല അനുഭവങ്ങളും പരാമര്‍ശിക്കുന്നുണ്ട്.  സെയ്തി എന്ന തൂലികാനാമത്തിലാണ് ജയ്ശെയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അല്‍ഖലമില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്.
‘അറസ്റ്റിനെ ജാഗ്രതയോടെയാണ് കാണുന്നത്. ചിലപ്പോള്‍ വധിക്കപ്പെട്ടേക്കാം. വധിക്കപ്പെട്ടാല്‍ സുഹൃത്തുക്കള്‍ക്ക് കനത്ത ആഘാതമാവും. ശത്രുക്കള്‍ക്ക് അതിലൂടെ ഒന്നും നഷ്ടപ്പെടാനില്ല.  ദൈവം അനുവദിക്കുകയാണെങ്കില്‍ ശത്രുക്കള്‍ക്ക് അധികകാലം ആഹ്ളാദിക്കാന്‍ വകയില്ല. മരിക്കുന്നതിനു മുമ്പായി മനസ്സില്‍ പൂര്‍ത്തിയാകാതെ പോയ ആഗ്രഹങ്ങള്‍ അവശേഷിപ്പിക്കാത്തതില്‍ ദൈവത്തിന് നന്ദിപറയുന്നു. കരുണാനിധിയായ ദൈവം   മരണാനന്തരം തന്‍െറ കുടുംബത്തെ സംരക്ഷിക്കുമെന്നുറപ്പുണ്ട്.  ഇന്ത്യയില്‍നിന്ന് ഞങ്ങള്‍ക്കെതിരെ എതിര്‍പ്പുകള്‍ ഉയരുന്നു. ഞങ്ങളെ അറസ്റ്റ് ചെയ്യാനും വധിക്കാനുമായി അവര്‍ നിരന്തരം ശബ്ദമുയര്‍ത്തുന്നു. എന്നാല്‍, പാക് ഭരണാധികാരികള്‍ കഠിനമായ മനോവേദനയിലാണ്. ഞങ്ങളുടെ വിധിനിര്‍ണയത്തിനായി കാത്തിരിക്കുന്ന (ഇന്ത്യന്‍) സുഹൃത്തുക്കള്‍ക്കായി എന്തും ചെയ്യാന്‍  ഒരുക്കമാണവര്‍. മോദിയുമായും വാജ്പേയിയുമായുള്ള അവരുടെ സൗഹൃദവും അടുപ്പവും ഞങ്ങളെ അത്രമേല്‍ അസ്വസ്ഥരാക്കുന്നു. ഞങ്ങളുടെ പോരാട്ടം മുസ്ലിം ജനതയെ സംരക്ഷിക്കാനാണ്. വ്യക്തിതാല്‍പര്യങ്ങളില്‍ അധിഷ്ഠിതമല്ല അത്. പാകിസ്താനില്‍ സമാധാനവും സുരക്ഷിതത്വവും പുലരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പാക്ഭരണാധികാരികള്‍ അത് മാനിക്കാത്തതില്‍ സങ്കടമുണ്ട്. സുഹൃത്തുക്കളെന്ന് കരുതുന്ന അന്യരുടെ നിയന്ത്രണത്തിലാണ് സര്‍ക്കാര്‍. അതുവഴി സ്വന്തം രാജ്യം വെടിക്കോപ്പുകളുടെയും സ്ഫോടകവസ്തുക്കളുടെയും കൂമ്പാരമാകുന്നു.
 പാകിസ്താനെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല്ള. രാജ്യത്തെ ഒരു പൊലീസ് സ്റ്റേഷനില്‍ പോലും എനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നെ ഭവല്‍പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലിട്ട കാലത്ത് അനുയായികള്‍ അവരെ ആക്രമിക്കുമോയെന്ന് ജയില്‍ ജീവനക്കാര്‍ ഭയന്നിരുന്നു. അതിനാല്‍ എന്നെ ദേരാ ഗസി ഖാനിലേക്ക് മാറ്റി. ഇപ്പോള്‍ എന്നെ ദൈവം സഹായിച്ചു.  എന്‍െറ വീട് സബ്ജയിലാക്കി മാറ്റിയാണ് പാര്‍പ്പിച്ചിരിക്കുന്നത്്’ -കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.
ജമ്മു ജയിലില്‍ കഴിഞ്ഞിരുന്ന കാലത്തെ അനുഭവങ്ങളെക്കുറിച്ചും അസ്ഹര്‍ ഓര്‍ക്കുന്നുണ്ട്. അന്ന് മറ്റൊരു ജയിലിലേക്ക് മാറ്റാനുള്ള അധികൃതരുടെ നീക്കം എതിര്‍ത്തു തോല്‍പിച്ച കശ്മീര്‍ മുജാഹിദീനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.