തെഹ്റാന്‍: പതിവിനു വിപരീതമായി ഒന്നും സംഭവിച്ചില്ല ആ നഗരത്തിന്. ലോകരാജ്യങ്ങളുമായുള്ള ആണവ കരാര്‍ യാഥാര്‍ഥ്യമായതോടെ ഇറാനുമേല്‍ ചുമത്തിയിരുന്ന ഉപരോധങ്ങള്‍ നീക്കിയ വിവരം പുറത്തുവരുമ്പോള്‍ രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ കുട്ടികളുടെ പോളിയോ വാക്സിനേഷന്‍ സംബന്ധിച്ച വാര്‍ത്തയുടെ പണിപ്പുരയിലായിരുന്നു. പ്രഖ്യാപനത്തെ തുടര്‍ന്ന് തെഹ്റാനിലെ തെരുവുകളില്‍ പതാകകള്‍ പാറിയില്ല. ജനങ്ങള്‍ സന്തോഷപ്രകടനം നടത്തിയതുമില്ല.
ഉപരോധം നീക്കിയത് ചിലപ്പോള്‍ ജീവിതനിലവാരം ഉയര്‍ത്തിയേക്കുമെന്ന പ്രത്യാശ മാത്രം പങ്കുവെച്ച് ജനത ജോലിത്തിരക്കുകളില്‍ മുഴുകി. ഉപരോധം നീക്കിയതില്‍ പ്രത്യേകിച്ച് ആവേശമൊന്നും തോന്നുന്നില്ളെന്ന് നഗരത്തിലെ ഓഫിസ് ജീവനക്കാരന്‍ അലി ഷോജ പറഞ്ഞു. ‘അവര്‍ പറയുന്നു, കോടിക്കണക്കിന് ഡോളറുകള്‍ രാജ്യത്തേക്ക് ഒഴുകുമെന്ന്. എന്നാല്‍, ആ ഡോളറുകളിലൊന്നുപോലും എന്നെപ്പോലുള്ള സാധാരണക്കാരുടെ കീശയിലത്തെില്ല. ഉറപ്പാണത്’ -അയാള്‍ തുടര്‍ന്നു. ഉപരോധം എടുത്തുകളയുന്നതിന്‍െറ ഏതാനും മണിക്കൂറുകള്‍ക്കുമുമ്പ് ഏഴു ഇറാനിയന്‍ തടവുകാരെ അമേരിക്ക മോചിപ്പിച്ചിരുന്നു. പകരമായി നാലുപേരെ ഇറാനും അമേരിക്കക്ക് കൈമാറി. സര്‍ക്കാര്‍ ടെലിവിഷന്‍ ചാനലുകള്‍ സംഭവം നാഴികക്കല്ലാണെന്നു പറയാന്‍ കാരണങ്ങളുണ്ട്. പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുടെ വിജയമാണിതെന്ന് ഘോഷിക്കാമെങ്കിലും ചിലതൊക്കെ രാജ്യത്തിന് അടിയറവു പറയേണ്ടിവരും. അതിനാല്‍ വിദഗ്ധര്‍ ഇറാന്‍െറ വിജയമായല്ല, ഒത്തുതീര്‍പ്പായാണ് വിലയിരുത്തുന്നതും. ‘ആണവ ശവസംസ്കാരം’ എന്നാണ് പ്രമുഖ പത്രം വതന്‍ ഇംറൂസ് സംഭവത്തെ വിശേഷിപ്പിച്ചത്.
നൂറുകണക്കിന് വിമാനങ്ങള്‍, പുതിയ തുറമുഖങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങി രാജ്യത്തിന് ഒരുപാട് കാര്യങ്ങള്‍ ആവശ്യമുണ്ട്. അതിന് പണം വേണം -സര്‍ക്കാറുമായി അടുത്തബന്ധം പുലര്‍ത്തുന്ന സാമ്പത്തിക വിദഗ്ധന്‍ സഈദ് ലൈലാസ് പറഞ്ഞു.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാം. അതിനുശേഷം മാത്രമേ ആരു ജയിച്ചെന്ന് പറയാന്‍ കഴിയൂവെന്ന് അറ എന്‍റര്‍പ്രൈസ് ഗ്രൂപ് പ്രസിഡന്‍റ് ആമിര്‍ സിറസ് റസാഖി പറയുന്നു.
റിപ്പബ്ളിക്കന്‍ പാര്‍ട്ടിയാണ് വിജയിക്കുന്നതെങ്കില്‍ ഉറപ്പിക്കാം കടുത്ത ഉപരോധങ്ങള്‍ പിന്നാലെ വരും. ഒരു വര്‍ഷം കഴിഞ്ഞേ അമേരിക്കന്‍ കമ്പനികള്‍ ഇറാനിലേക്ക് വരുകയുളളൂ എന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ഉപരോധം നീക്കിയതിനെ പോസിറ്റീവായി കാണുന്നവരും കുറവല്ല. ‘ഇവിടെ എന്‍െറ ഭര്‍ത്താവിന് കടയുണ്ട്. സ്ത്രീകളുടെ വസ്ത്രങ്ങളും മറ്റുമാണ് പ്രധാന ഉല്‍പന്നങ്ങള്‍. എന്നാല്‍, ഏതാനും ആഴ്ചകളായി കച്ചവടം തീരെയില്ല എന്നു പറയാം. ഉപരോധം നീക്കുന്നതോടെ അതിന്‍െറ ഫലങ്ങള്‍ മാര്‍ക്കറ്റില്‍ ഉണ്ടാകുമെന്ന പ്രത്യാശയിലാണ് ഞങ്ങള്‍. പണം കൈയില്‍ വന്നാല്‍ ആളുകള്‍ക്ക് സാധനങ്ങളും കൂടുതല്‍ വാങ്ങാമല്ളോ’ -വീട്ടമ്മയായ മൊജ്ഗാന്‍ ഫറാജ് സന്തോഷം പങ്കുവെക്കുന്നു. ഉപരോധം നീക്കുന്നതോടെ ഇറാനില്‍നിന്നുള്ള എണ്ണവില്‍പന അന്താരാഷ്ട്ര വിപണിയില്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നും പണം വരുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.
ഉപരോധകാലത്ത് ഇറാന്‍െറ എണ്ണവില്‍പന കുത്തനെ ഇടിഞ്ഞത് സാമ്പത്തികനിലയെ തന്നെ ബാധിച്ചു. പണപ്പെരുപ്പം ഗണ്യമായി വര്‍ധിച്ചു. ഇറാനെ സംബന്ധിച്ച ആണവ വാര്‍ത്തകള്‍ പതിവായി ശ്രദ്ധിക്കാറുണ്ടെന്ന് 45കാരനായ പെയിന്‍റിങ് തൊഴിലാളി അലി ബസേരി. എങ്ങനെയാണത് തന്‍െറ സാമ്പത്തികപ്രശ്നങ്ങളെ ഇല്ലാതാക്കുക എന്നൊന്നും പക്ഷേ അയാള്‍ക്കറിയില്ല. എണ്ണയിലാണ് ഇറാന്‍െറ പ്രതീക്ഷ.
രാജ്യത്ത് നിലവില്‍ 12 ലക്ഷം ബാരല്‍ എണ്ണയാണ് ദിനംപ്രതി ഉല്‍പാദിപ്പിക്കുന്നത്. ഉപരോധം നീക്കുന്നതോടെ അത് 40 ലക്ഷമാക്കി ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, ആ ലക്ഷ്യം കൈവരിക്കാന്‍ രണ്ടോ മൂന്നോ വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നും വിദഗ്ധര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.