വാഷിങ്ടൺ: ഇറാൻ കമ്പനികൾക്ക് മേൽ പുതിയ ഉപരോധം ഏർപ്പെടുത്താനുള്ള നീക്കവുമായി അമേരിക്ക. ആണവ തർക്കത്തെ തുടർന്ന് ഇറാന് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം കഴിഞ്ഞ ദിവസം പിൻവലിച്ചത് പിന്നാലെയാണ് പുതിയ കുരുക്കുമായി യു.എസ് രംഗത്തെത്തിയത്. യു.എൻ ഏർപ്പെടുത്തിയ വിലക്ക് മറികടന്ന് കഴിഞ്ഞ ഒക്ടോബറിൽ ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ഇറാൻ പരീക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പുതിയ ഉപരോധം.
ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി സഹകരിച്ച 11 കമ്പനികൾക്കും വ്യക്തികൾക്കും യു.എസ് ബാങ്കിങ് സേവനം ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ബി.സി.സി റിപ്പോർട്ട് ചെയ്തു. മിസൈൽ പദ്ധതി പ്രാദേശിക, ആഗോള സുരക്ഷക്ക് ഭീഷണിയാണെന്നും ഇത് തുടർന്നാൽ രാജ്യാന്തര ഉപരോധങ്ങൾക്ക് വഴിവെക്കുമെന്നും യു.എസ് ആക്ടിങ് അണ്ടർ സെക്രട്ടറി ഫോർ ടെററിസം ആൻഡ് ഫിനാൻഷ്യൽ ഇന്‍റലിജൻസ് ആദം ജെ. സുബിൻ വ്യക്തമാക്കി.
അതേസമയം, ആണവ പരീക്ഷണത്തിന്‍റെ പേരിലുള്ള ഉപരോധം പിൻവലിച്ചത് ഇറാന് വലിയ സാധ്യതകളാണ് തുറന്ന് കിട്ടിയത്. ആഗോള കമ്പനികൾക്ക് ഇറാനിലും ഇറാനിയൻ കമ്പനികൾക്കും വിദേശ രാജ്യങ്ങളിലും നിക്ഷേപം നടത്താൻ സാധിക്കും. ഉപരോധം നീക്കിയതോടെ വിമാന നിർമാതാക്കളായ എയർബസിൽ നിന്ന് 114 വിമാനങ്ങൾ വാങ്ങാൻ ഇറാൻ തീരുമാനിച്ചു. എണ്ണ അടക്കമുള്ള കച്ചവടത്തിലൂടെ ഒരു വർഷത്തിനിടെ 67,000 കോടി രൂപ അധിക വരുമാനം കണ്ടെത്താനാണ് ഇറാൻ ഭരണകൂടം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.