പാക് സര്‍വകലാശാലയില്‍ ഭീകരാക്രമണം; 25 മരണം

പെഷാവര്‍: പാകിസ്താനില്‍ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു അധ്യാപകനുള്‍പ്പെടെ 25 മരണം. 50ലധികം പേര്‍ക്ക് പരിക്കേറ്റു.പിന്‍വശത്തെ മതില്‍ ചാടിക്കടന്നത്തെിയ നാലു ഭീകരര്‍ ക്ളാസ് മുറികളിലും ഹോസ്റ്റലിലുമുണ്ടായിരുന്ന അധ്യാപകരും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

കനത്ത ഏറ്റുമുട്ടലിനൊടുവില്‍ നാലു ഭീകരരെയും വധിച്ചതായി പാക് സൈനിക വക്താവ് ലഫ്. ജനറല്‍ അസീം സലീം ബജ്വ പറഞ്ഞു. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. രസതന്ത്ര വിഭാഗത്തിലെ പ്രഫ. ഹാമിദ് ഹുസൈനാണ് മരിച്ച അധ്യാപകന്‍. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഭീകരസംഘടനയായ തഹ്രീകെ താലിബാന്‍ ഏറ്റെടുത്തു. 2014 ഡിസംബറില്‍ പെഷാവറിലെ സൈനിക സ്കൂളില്‍ 150 കുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനുശേഷം തങ്ങളുടെ നിരവധി പ്രവര്‍ത്തകരെ വധിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണമെന്ന് തഹ്രീകെ താലിബാന്‍ വ്യക്തമാക്കി. 

ബച്ചാഖാൻ യൂണിവേഴ്സിറ്റിയിൽ ആക്രമണം നടക്കുമ്പോൾ രക്ഷപ്പെടുന്ന വിദ്യാർത്ഥിനികൾ
 

അതിര്‍ത്തിഗാന്ധി എന്നറിയപ്പെടുന്ന ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ എന്ന ബച്ചാ ഖാന്‍െറ പേരിലുള്ള സര്‍വകലാശാലയില്‍ അദ്ദേഹത്തിന്‍െറ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കവിതാചര്‍ച്ച നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 3000ത്തോളം വിദ്യാര്‍ഥികള്‍ക്കു പുറമേ 600ഓളം അതിഥികളും ഈ സമയം കാമ്പസിലുണ്ടായിരുന്നു. പ്രധാനമന്ത്രി നവാസ് ശരീഫും പ്രസിഡന്‍റ് മംനൂന്‍ ഹുസൈനും ആക്രമണത്തെ അപലപിച്ചു. നിഷ്കളങ്കരായ വിദ്യാര്‍ഥികളെ ആക്രമിച്ചവര്‍ക്ക് മതമില്ളെന്ന് നവാസ് ശരീഫ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.