മ്യാന്മര്‍: റഖൈനില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

യാംഗോന്‍: ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്ലിംകള്‍ താമസിക്കുന്ന പശ്ചിമ മ്യാന്മറിലെ റഖൈന്‍ പ്രവിശ്യയില്‍ നാലു വര്‍ഷമായി നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രദേശത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചത്തെിയതിനാല്‍ നിയന്ത്രണം എടുത്തുകളയുകയാണെന്ന് അധികാരമൊഴിയുന്ന പട്ടാള ഭരണാധികാരി തൈന്‍ സൈനാണ് പ്രഖ്യാപനം നടത്തിയത്. ഓങ്സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി ബുധനാഴ്ച ടിന്‍ ജോയുടെ നേതൃത്വത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ രൂപവത്കരിക്കാനിരിക്കെയാണ് തന്ത്രപ്രധാനമായ പുതിയ നീക്കം.
റഖൈനില്‍ ഭൂരിപക്ഷമായ ബുദ്ധമത വിശ്വാസികളും മുസ്ലിംകളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് 2012 ജൂണിലാണ് അടിയന്തരാവസ്ഥ നിലവില്‍ വന്നത്. കൊടിയ പീഡനത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കിടെ ആയിരക്കണക്കിന് റോഹിങ്ക്യകള്‍ കൊല്ലപ്പെടുകയും ഒന്നര ലക്ഷം പേര്‍ പലായനം ചെയ്യുകയും ചെയ്തു. തീരെ സുരക്ഷിതമല്ലാത്ത പഴകിയ ബോട്ടുകളില്‍ മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും നാടുപിടിക്കുന്നതിനിടെ നിരവധി പേര്‍ നടുക്കടലില്‍ കുടുങ്ങിയതോടെയാണ് മ്യാന്മര്‍ വിഷയം ലോക ശ്രദ്ധയിലത്തെിയത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പ്രവിശ്യയില്‍ വലിയ തോതില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ളെങ്കിലും മതവിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുകയാണ്. പ്രദേശത്തെ ഭൂരിപക്ഷം റോഹിങ്ക്യകള്‍ക്കും പൗരത്വം അനുവദിക്കപ്പെട്ടിട്ടില്ല. ഇതുമൂലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനോ വോട്ടുചെയ്യാനോ സാധിച്ചിട്ടുമില്ല. അതേസമയം, റാഖൈനിലെ ബുദ്ധ സംഘടനയായ അറാകന്‍ നാഷനല്‍ പാര്‍ട്ടി (എ.എന്‍.പി)യും ഭരണകക്ഷിയായ എന്‍.എല്‍.ഡിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം പുതിയ പ്രഖ്യാപനത്തെ സ്വാധീനിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.