കാബൂള്‍: ഒന്നും മൂന്നും വയസ്സുള്ള പെണ്‍മക്കളുടെ ഉപ്പയെവിടെയെന്ന ചോദ്യത്തിന് ബാസിറ മുഹമ്മദിക്ക് മറുപടിയില്ല. കഴിഞ്ഞ ജനുവരി ഒന്നിനു വീട്ടില്‍നിന്നിറങ്ങിയ അവരുടെ ഭര്‍ത്താവ് മുഹമ്മദ് അലി മുഹമ്മദി പിന്നീട് തിരിച്ചുവന്നില്ല. അന്വേഷണത്തിനൊടുവില്‍ താലിബാന്‍െറ ചാവേറാക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതായുള്ള വാര്‍ത്തയാണ് അവരെ തേടിയത്തെിയത്.
മരണമെന്തെന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത മൂന്നു വയസ്സുകാരി സിത്അഈഷും ഒരു വയസ്സുകാരി സനയും ഉപ്പയെ നിരന്തരം അന്വേഷിക്കുകയാണ്. ഉപ്പ മരിച്ചുപോയെന്നും ഒരിക്കലും തിരികെവരില്ളെന്നും പറയാന്‍ കഴിയാതെ ആ അമ്മ മക്കളെ ചേര്‍ത്തുപിടിച്ച് കണ്ണീരൊഴുക്കുകയാണ്. കപൂറയില്‍ അഫ്ഗാന്‍ വാര്‍ത്താചാനലായ ടോളോ ന്യൂസുമായി ബന്ധമുള്ള കമ്പനിയിലെ ഡബിങ് കലാകാരനായിരുന്നു അലി മുഹമ്മദി. കാബൂളില്‍ അലിയും സഹപ്രവര്‍ത്തകരും സഞ്ചരിച്ച ചാനല്‍വാഹനത്തിനു സമീപം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ അലിക്കൊപ്പം ആറു സുഹൃത്തുക്കളുടെയും ജീവന്‍പൊലിഞ്ഞു.
‘എല്ലാദിവസവും ജോലികഴിഞ്ഞ് വീട്ടിലേക്കെന്തെങ്കിലും വാങ്ങാനുണ്ടോയെന്ന് ചോദിച്ച് അദ്ദേഹം വിളിക്കുമായിരുന്നു. എന്നാല്‍, ആ ദിവസം രാത്രി എന്‍െറ ഫോണ്‍ റിങ് ചെയ്തില്ല. പിറ്റേന്ന് അദ്ദേഹത്തിന്‍െറ ഉപ്പയാണ് പറഞ്ഞത് അലി ഈ ലോകംവിട്ടുപോയെന്ന്’ -ബാസിറ പറയുന്നു.
2015 സെപ്റ്റംബര്‍ മുതല്‍ താലിബാന്‍െറ നേതൃത്വം മുല്ല അക്തര്‍ മന്‍സൂറിനായിരുന്നു. അഫ്ഗാന്‍ സര്‍ക്കാറിനെതിരെ സന്ധിയില്ലായുദ്ധം പ്രഖ്യാപിച്ച മന്‍സൂര്‍ രാജ്യത്തിന്‍െറ ഓരോഭാഗങ്ങളും താലിബാന്‍െറ അധീനതയിലാക്കി. 2015ന്‍െറ പകുതിയോടെ താലിബാന്‍ പ്രതിമാസം 800നും 1000ത്തിനുമിടെ ആക്രമണങ്ങള്‍ നടത്തിയതായാണ് പെന്‍റഗണ്‍ റിപ്പോര്‍ട്ട്. താലിബാന്‍െറ കൊള്ളയും കൊലയും ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും വാര്‍ത്തയാക്കിയതോടെയാണ് ടോളോ അവരുടെ ഹിറ്റ്ലിസ്റ്റില്‍പെട്ടത്. അതിന്‍െറ പ്രതികാരമായിരുന്നു ജനുവരിയിലെ ആക്രമണം.
കുടുംബത്തിന്‍െറ അത്താണിയായിരുന്നു അലി. മരണശേഷം ഒരുവര്‍ഷത്തേക്ക് കുടുംബത്തിന് പ്രതിമാസം 300 ഡോളര്‍വീതം സഹായം നല്‍കുമെന്ന് ടോളോ വാഗ്ദാനം ചെയ്യുകയും ചെയ്തു. ‘മുല്ലാ മന്‍സൂറിന്‍െറ മരണവാര്‍ത്ത കേട്ടപ്പോള്‍ സന്തോഷമൊന്നും തോന്നിയില്ല. മന്‍സൂറിനെ വെറുത്തതുകൊണ്ടോ പ്രതികാരം ചെയ്തതുകൊണ്ടോ ഭര്‍ത്താവിനെ തിരിച്ചുകിട്ടില്ല’.
ഒരു വര്‍ഷത്തെ നേതൃസ്ഥാനത്തിനുശേഷമാണ് മുല്ലാമന്‍സൂറിന്‍െറ വിടവാങ്ങല്‍. മരണം സ്ഥിരീകരിച്ചതിനുശേഷം അജബത്തുല്ല അഖുന്‍സാദയെ താലിബാന്‍ പുതിയ നേതാവായി പ്രഖ്യാപിക്കുകയും ചെയ്തു. ‘താലിബാന്‍ പുതിയ നേതാവിനെ തെരഞ്ഞെടുത്തുവെന്നതു വലിയ കാര്യമല്ല. ഈ രാജ്യത്ത് നിരപരാധികള്‍ എല്ലാദിവസവും കൊല്ലപ്പെടുന്നു. പുതിയ നേതാവിനും ഒന്നും മാറ്റിമറിക്കാനാവില്ല. നിരപരാധികളെ കൊന്നൊടുക്കി അവര്‍ യുദ്ധം ചെയ്തുകൊണ്ടേയിരിക്കും. താലിബാനോട് സിവിലിയന്മാരെ കൊന്നൊടുക്കരുതെന്ന ഒരഭ്യര്‍ഥന മാത്രമേ ഉള്ളൂവെന്നും ബാസിറ പറഞ്ഞു.കഴിഞ്ഞമാസം കാബൂളിലെ പ്രസിഡന്‍റിന്‍െറ വസതിക്കും പ്രതിരോധമന്ത്രാലയത്തിനും സമീപം നടന്ന കാര്‍ബോംബാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. അവരുടെ കൂട്ടത്തില്‍ രണ്ടുമക്കളുടെ പിതാവായ സൈഫുല്ലയെന്ന യുവാവുമുണ്ടായിരുന്നു. രോഗിയായ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു സൈഫുല്ല. ‘ഇത്തരം നഷ്ടങ്ങള്‍ ഞങ്ങള്‍ക്ക് സഹിക്കാനാവില്ല, ഞാനൊരു വൃദ്ധനാണ്. എന്‍െറ മരണശേഷം സൈഫുവിന്‍െറ ഭാര്യക്കും മക്കള്‍ക്കും ആരുണ്ട്’ -സൈഫുല്ലയുടെ പിതാവ് ചോദിക്കുന്നു.
പ്രായത്തിന്‍െറ അവശതയിലും അദ്ദേഹമാണിപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്. മകന്‍ കൊല്ലപ്പെട്ടതിന്‍െറ ഉത്തരവാദിത്തം താലിബാനും അഫ്ഗാന്‍ സര്‍ക്കാറിനുമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അഫ്ഗാനില്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടവരുടെ എണ്ണം നാലു ശതമാനത്തിലേറെ വര്‍ധിച്ചതായി യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ധിസംഭാഷണങ്ങള്‍ക്കുള്ള ക്ഷണം നിരസിച്ച് മുല്ലാ മന്‍സൂറിന്‍െറ കൊലപാതകത്തിന് പകരംവീട്ടാനുള്ള ആസൂത്രണത്തിലാണ് താലിബാന്‍. കനത്തവില നല്‍കേണ്ടിവരുന്നത് നിരപരാധികളായ സിവിലിയന്മാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.