ന്യൂയോര്‍ക്: ഇന്ത്യയുമായി ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അമേരിക്കയുടെ സഹായം തേടി. യു.എന്‍ ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കാനത്തെിയ ശരീഫ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യമുന്നയിച്ചത്.
ദക്ഷിണേഷ്യയിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തിന് കാരണം കശ്മീര്‍ പ്രശ്നമാണെന്നും, രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക് ഇത് എത്തിക്കുമോ എന്ന പേടിയുണ്ടെന്നും അദ്ദേഹം സംഭാഷണത്തില്‍ സൂചിപ്പിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യു.എസ് ഭരണകൂടവും ജോണ്‍ കെറിയും ഇടപെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മുന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍ ഇക്കാര്യത്തില്‍ നല്‍കിയ ഉറപ്പ് ഞാനിപ്പോള്‍ ഓര്‍ക്കുകയാണ് -ശരീഫ് പറഞ്ഞു.
കശ്മീരില്‍ ഇപ്പോഴുള്ള സാഹചര്യത്തെക്കുറിച്ചും ശരീഫ് ജോണ്‍ കെറിയുമായി സംസാരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം മനുഷ്യാവകാശലംഘനമാണ് നടത്തുന്നതെന്ന് ശരീഫ് സംഭാഷണത്തിനിടെ ആരോപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ, സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് എന്നിവരുമായും ശരീഫ് കൂടിക്കാഴ്ച നടത്തി. യു.എന്‍ സുരക്ഷാ സമിതിയിലെ സ്ഥിരം അംഗങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് വിഷയത്തില്‍ പാകിസ്താന്‍െറ നിലപാട് വിശദീകരിച്ച് ശരീഫ് കത്തെഴുതിയിട്ടുമുണ്ട്. കത്തില്‍ കശ്മീരില്‍ ഇന്ത്യയുടെ നടപടിക്കെതിരെ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു.
ബുധനാഴ്ച യു.എന്‍ ജനറല്‍ അസംബ്ളിയില്‍ സംസാരിക്കുന്ന ശരീഫ് വിഷയം ലോകനേതാക്കള്‍ക്ക് മുന്നില്‍ ഉന്നയിക്കാനുള്ള തയാറെടുപ്പിലാണ്. കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശലംഘനം നടത്തുന്നുവെന്ന ആരോപണം പ്രസംഗത്തില്‍ ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. ശരീഫിന്‍െറ പ്രസംഗം നടക്കുമ്പോള്‍ യു.എന്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന് മുന്നില്‍ ബലൂച് ആക്ടിവിസ്റ്റുകള്‍ പ്രതിഷേധം സംഘടിപ്പിക്കും. ബലൂചിസ്താനില്‍ പാകിസ്താന്‍ സര്‍ക്കാര്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.