അനധികൃത കുടിയേറ്റം: പാരിസ് കോണ്‍ഫറന്‍സില്‍ പ്രതീക്ഷയെന്ന് മഹ്മൂദ് അബ്ബാസ്

റാമല്ല: ജനുവരിയില്‍ പാരിസില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ ഇസ്രായേലിന്‍െറ അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിന് സമയക്രമമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്. യു.എന്‍ രക്ഷാസമിതിയില്‍ കുടിയേറ്റത്തിനെതിരായ പ്രമേയം പാസായശേഷം അബ്ബാസ് നടത്തുന്ന ആദ്യ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന കൂടിയാലോചനകള്‍ക്ക് യു.എന്‍ പ്രമേയം അടിത്തറ പാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമേയം തെളിയിക്കുന്നത് ലോകം കുടിയേറ്റത്തെ തള്ളിയെന്നാണ്. നമ്മുടെ ഭൂമിയിലെ നിര്‍മാണങ്ങള്‍ നിയമവിരുദ്ധമാണെന്ന് എല്ലാവരും സമ്മതിച്ചിരിക്കുന്നു -ഫതഹ് പാര്‍ട്ടിയുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ജനുവരി 15നാണ് പാരിസില്‍ സമ്മേളനം നടക്കുന്നത്. ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നം സമ്മിറ്റില്‍ ചര്‍ച്ചക്കുവരുമെന്നും കുടിയേറ്റം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ലോകരാജ്യങ്ങള്‍ പങ്കുവഹിക്കുമെന്നുമാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇത്തരം ചര്‍ച്ചകള്‍ നിലവിലുള്ള കൂടിയാലോചനകളെയും ഇല്ലാതാക്കുമെന്നാണ് ഇസ്രായേലിന്‍െറ നിലപാട്. അബ്ബാസ് നേരിട്ട് ചര്‍ച്ചക്ക് സന്നദ്ധമാകണമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍െറ ആവശ്യം. അനധികൃത നിര്‍മാണം നിര്‍ത്താതെ ഇത്തരം ചര്‍ച്ചകള്‍ക്കില്ളെന്നാണ് ഫലസ്തീന്‍ അതോറിറ്റിയുടെ നിലപാട്. അതിനിടെ, യു.എന്‍ പ്രമേയത്തിനുശേഷവും അനധികൃത നിര്‍മാണവുമായി ഇസ്രായേല്‍ മുന്നോട്ടുപോവുകയാണ്. ജറൂസലം മുനിസിപ്പാലിറ്റി പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്.
യു.എന്നില്‍ ഇസ്രായേല്‍ താല്‍പര്യത്തിന് വിരുദ്ധമായി വോട്ടുചെയ്ത രാജ്യങ്ങളുമായി ബന്ധം കുറക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍, ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ മന്ത്രാലയം തള്ളിക്കളഞ്ഞു. താല്‍ക്കാലികമായി ചില കൂടിക്കാഴ്ചകളും എംബസികളുമായുള്ള ബന്ധവും കുറക്കുക മാത്രമാണെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. അടുത്ത മാസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി നടക്കേണ്ട കൂടിക്കാഴ്ച മാറ്റിവെച്ചതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. വെള്ളിയാഴ്ച സുരക്ഷാസമിതിയില്‍ പ്രമേയം പാസായശേഷം നെതന്യാഹു വോട്ട് രേഖപ്പെടുത്തിയ രാജ്യങ്ങളോട് കടുത്ത അമര്‍ഷത്തിലായിരുന്നു.

Tags:    
News Summary - Abbas eyes Paris summit after UN slams Israeli settlements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.