മനില: ആകാശയാനത്തിലെ മാലാഖമാർ എന്ന വിശേഷണം അന്വർഥമാക്കി താരമായിരിക്കുകയാണ് ഫിലിപ്പീൻകാരിയായ എയർ ഹോസ്റ്റസ്. അമ്മയുടെ കൈവശമുണ്ടായിരുന്ന കുപ്പിപ്പാൽ തീർന്നതോടെ വിശന്നുകരഞ്ഞ കുഞ്ഞിനെ മുലയൂട്ടിയാണ് എയർ േഹാസ്റ്റസ് പാട്രീഷ ഒർഗാനോ (24) വാർത്തകളിലിടംപിടിച്ചത്. അവർതന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഫിലിപ്പീൻ എയർലൈൻസിൽ ഫ്ലൈറ്റ് അറ്റൻഡൻറായ പാട്രീഷ ഡ്യൂട്ടിയിലായിരിക്കെ വിമാനം ടേക്ക്ഒാഫ് ചെയ്തയുടൻ ഒരു കുഞ്ഞ് നിർത്താതെ കരയുന്നത് ശ്രദ്ധയിൽെപടുകയായിരുന്നു. അമ്മയുടെ അടുത്തെത്തി കാരണം അന്വേഷിച്ചപ്പോൾ അവരുടെ കൈയിലുണ്ടായിരുന്ന കുപ്പിപ്പാൽ തീർന്നുപോയിരിക്കുന്നു. കുഞ്ഞിെൻറ വിശപ്പകറ്റാൻ അവരുടെ കൈയിൽ മറ്റു മാർഗങ്ങളുമില്ല. ഒമ്പതുമാസം പ്രായമായ കുഞ്ഞിെൻറ അമ്മ കൂടിയായ പാട്രീഷ ഉടൻതന്നെ അവരുടെ അനുവാദത്തോടെ കുഞ്ഞ് ഉറങ്ങുന്നതുവരെ മുലയൂട്ടി.
കുഞ്ഞ് വിശന്നുകരയുന്നതുകണ്ടപ്പോൾ സഹിക്കാനായില്ലെന്നും തനിക്ക് സഹായിക്കാൻ പറ്റുമായിരുന്ന ഏക പോംവഴി മനസ്സിൽ തെളിഞ്ഞപ്പോൾ അതിന് മുന്നിട്ടിറങ്ങുകയായിരുന്നുവെന്നും പാട്രീഷ കുറിച്ചു. പാൽ കിട്ടിയപ്പോഴുള്ള കുഞ്ഞിെൻറ മുഖവും കുഞ്ഞിെൻറ കരച്ചിൽ മാറിയപ്പോഴുള്ള അമ്മയുടെ മുഖവും മനസ്സിൽനിന്ന് മായാത്ത ചിത്രങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.
കാബിൻ ക്രൂ ഇവാലുവേറ്റർ തസ്തികയിലേക്കുള്ള പരീക്ഷ എഴുതിയതും അതേ ദിവസമായിരുന്നുവെന്നും അത് വിജയിച്ചതിനൊപ്പം കുഞ്ഞിെൻറ വിശപ്പ് മാറ്റാൻ സാധിച്ചത് ഇരട്ടിമധുരമാണ് സമ്മാനിച്ചതെന്നും പാട്രീഷ എഴുതുന്നു. പാട്രീഷയുടെ ഫേസ്ബുക് പോസ്റ്റിന് മണിക്കൂറുകൾക്കകം ഒന്നര ലക്ഷം ലൈക്കുകളും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.