ഖാർത്തൂം: കണ്ണിൽനിന്നും വായിൽനിന്നും ചോര പൊടിയുന്ന അതിമാരക ശേഷിയുള്ള പുതിയ രോഗബാധ ആഫ്രിക്കൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തുന്നു. ഉഗാണ്ടയിലും സുഡാനിലുമായി ഇതിനകം നാലുപേരുടെ ജീവനെടുത്ത ക്രിമിയൻ-കോംഗോ ഹിമറജിക് പനി (സി.സി.എച്ച്.എഫ്) എന്ന രോഗം അതിവേഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുമെന്നാണ് ആശങ്ക. ഉഗാണ്ട ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതായി കൂടുതൽ പേരിൽ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. ഉഗാണ്ടയിൽ മാത്രം 60ഒാളം പേരിലാണ് രോഗം സംശയിക്കുന്നത്. വൈറസ് ബാധയേറ്റവരിൽ 40 ശതമാനവും മരണത്തിന് കീഴടങ്ങുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ആരോഗ്യ സുരക്ഷക്ക് മതിയായ മുൻഗണന ലഭിക്കാത്ത ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗബാധ അതീവ ഗുരുതര സാഹചര്യം സൃഷ്ടിക്കുമെന്നാണ് ആശങ്ക.
സുഡാനിൽ ഒരു ഗർഭിണിയും രണ്ടു കുട്ടികളും മരിച്ചിട്ടുണ്ട്. പക്ഷേ, രോഗം ഇതുതന്നെയാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2014-15 വർഷങ്ങളിൽ ആഫ്രിക്കയിലെ അതിദരിദ്ര രാജ്യങ്ങളായ ഗിനിയ, ലൈബീരിയ, സീറ ലിയോൺ എന്നിവയെ പിടികൂടിയ ഇബോള വൈറസ് ബാധക്ക് സമാനമായ സാഹചര്യം പുതിയ രോഗംമൂലം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിലാണ് അന്താരാഷ്ട്ര സംഘടനകൾ. 11,310 പേരാണ് മൂന്ന് രാജ്യങ്ങളിലായി അന്ന് മരിച്ചത്.
െഎ ബ്ലീഡിങ് ഫീവർ
ചെള്ളിെൻറ കടിയേറ്റാണ് രോഗം ഉണ്ടാകുന്നത്. രോഗബാധിതരിൽനിന്ന് പടരാനുള്ള സാധ്യതയും ഏറെയാണ്. നേരിട്ടുള്ള ഇടപഴകലിനു പുറമെ ശരീരത്തിൽനിന്നുള്ള സ്രവങ്ങൾ, രക്തം എന്നിവവഴിയും പടരാം.
പനി, പേശീവേദന, തലവേദന, ഛർദി, തലകറക്കം, കഴുത്തുവേദന, വയറിളക്കം, വയറുവേദന, കണ്ണ്, വായ, ഗുദം എന്നിവ വഴി രക്തസ്രാവം എന്നിവയാണ് അടയാളങ്ങൾ. രോഗം ഗുരുതരമാകുന്നതോടെ അവയവങ്ങൾ തളർന്നുപോകാം. നിലവിൽ ഇതിന് കുത്തിവെപ്പ് കണ്ടെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.