യുദ്ധമുഖത്ത് അവര്‍ പങ്കിടുന്നത് ഭയവും ആകുലതയും

ഡമസ്കസ്: നിലക്കാത്ത യുദ്ധത്തിന്‍െറ കെടുതികള്‍ പേറി സിറിയയിലെ ഇളംതലമുറ കടുത്ത മനോസംഘര്‍ഷത്തില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. കളിപ്പാട്ടങ്ങള്‍ക്കു പകരം ബോംബുകളാണിവര്‍ സ്വപ്നംകാണുന്നത്. ആരോ കഴുത്തറുക്കാന്‍ പിന്നാലെയുണ്ടെന്ന് അലറിക്കരഞ്ഞ് പലരും ഉറക്കത്തില്‍ എന്നും ഞെട്ടിയുണരുന്നു. ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന കടുത്ത മാനസികാഘാതമാണ് ഈ കുട്ടികള്‍ക്ക് ആറുവര്‍ഷമായി തുടരുന്ന യുദ്ധം ബാക്കിവെച്ചത്. യുദ്ധത്തിന്‍െറ അര്‍ഥമെന്തെന്നറിയാത്ത 30 ലക്ഷം കുട്ടികള്‍ സിറിയയിലുണ്ടെന്നാണ് സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നത്.

പലരും സ്വയം പീഡനം നടത്തുന്നതായും ആത്മഹത്യാപ്രവണത കാണിക്കുന്നതായും സേവ് ദ ചില്‍ഡ്രന്‍  ചൂണ്ടിക്കാട്ടുന്നു.
സേവ് ദ ചില്‍ഡ്രന്‍െറ പ്രവര്‍ത്തകര്‍ സംസാരിച്ച കുട്ടികളില്‍ 70 ശതമാനവും ഭയമെന്ന പൊതുവികാരമാണ് പങ്കുവെച്ചത്.  ‘‘നാളെ എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാണ് കുട്ടികള്‍. കടുത്ത മനോസംഘര്‍ഷമനുഭവിക്കുന്ന ആ കുഞ്ഞുങ്ങള്‍ അപരിചിതമായ എന്തു ശബ്ദം കേട്ടാലും പെട്ടെന്ന് പ്രതികരിക്കുന്നു. നിരന്തരമായി ഒറ്റപ്പെട്ടുകൊണ്ടിരിക്കയാണ് ഈ കുട്ടികള്‍’’ -സംഭവത്തിന്‍െറ ഞെട്ടിപ്പിക്കുന്ന നിജസ്ഥിതിയെക്കുറിച്ച് സംഘത്തിന്‍െറ ചുമതലയുള്ള മുഹമ്മദ് ചൂണ്ടിക്കാട്ടി.
 
കൂടുതല്‍ സമയങ്ങളിലും ആകുലതകളില്‍ കഴിയുന്നവരാണിവര്‍. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ 500ഓളം പേരെയാണ് പഠനത്തിന്‍െറ ഭാഗമാക്കിയത്. മാനസികാഘാതം മറികടക്കാന്‍ മുതിരുന്നതോടെ കുട്ടികള്‍ മയക്കുമരുന്നില്‍ അഭയം തേടുന്നതായി മുതിര്‍ന്നവര്‍ വെളിപ്പെടുത്തുന്നു. അലപ്പോ, ഡമസ്കസ്, ഹസാഖ, ഹിംസ്, ഇദ്ലിബ് എന്നീ മേഖലകളില്‍ സംഘത്തിലെയാളുകള്‍ കുട്ടികള്‍ക്ക് ഈ മനോനിലയില്‍നിന്ന് മുക്തി നേടാന്‍ പ്രത്യേക പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. വിമത മേഖലകളാണ് ഇവരുടെ പ്രധാന കേന്ദ്രങ്ങള്‍.

എന്നാല്‍, സര്‍ക്കാര്‍ മേഖലകളിലും ഐ.എസ് നിയന്ത്രിത ഭാഗങ്ങളിലും ചെന്നത്തൊന്‍ കഴിയുന്നില്ല. ആ മേഖലകളിലെ കുട്ടികളും അനുഭവിക്കുന്നത് ഒന്നുതന്നെ. യുദ്ധമുഖത്തു കഴിയുന്ന നാലില്‍ ഒരു കുട്ടിയുടെ മനോനില തകരാറിലാണെന്ന്  പഠനം വ്യക്തമാക്കുന്നു. വിദ്യാഭ്യാസം നഷ്ടമായതാണ് കുട്ടികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രയാസമെന്ന് മുതിര്‍ന്നവര്‍ വിലയിരുത്തി.

യുദ്ധം തുടങ്ങിയതുമുതല്‍ സിറിയയിലെ 4000 സ്കൂളുകള്‍ ബോംബാക്രമണത്തില്‍ തകര്‍ന്നുവെന്നാണ് യൂനിസെഫ് റിപ്പോര്‍ട്ട്. മൂന്നില്‍ രണ്ടു കുട്ടികള്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. വീടുകള്‍ ബോംബിട്ടുതകര്‍ക്കപ്പെട്ടു. ആക്രമണത്തില്‍ മാനസികാഘാതത്തിനു പിറകെ ശരീരത്തിലേറ്റ മുറിവുകള്‍ വേറെ. 2015 മുതല്‍ മദായ നഗരവാസികള്‍ സര്‍ക്കാര്‍ ഉപരോധത്തില്‍ കഴിയുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ആറു കുട്ടികളുള്‍പ്പെടെ 13 പേര്‍ ഇവിടെ ആത്മഹത്യാശ്രമം നടത്തിയതായി സംഘം പറയുന്നു. സിറിയയില്‍ 58 ലക്ഷം കുട്ടികളുള്‍പ്പെടെ 1.3 കോടി ആളുകള്‍ സഹായം ആവശ്യമുള്ളവരാണെന്നാണ് കണക്ക്. 48 ലക്ഷം ആളുകള്‍ ഉപരോധ മേഖലകളിലുമുണ്ട്.

Tags:    
News Summary - child education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.