വാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടി ഗസ്സ വെടിനിർത്തൽ കരാർ ഇസ്രായേൽ പ്രസിഡന്റ് ബിന്യമിൻ നെതന്യാഹു ബോധപൂർവം വൈകിപ്പിക്കുകയാണെന്ന ആരോപണങ്ങൾക്കിടെ സഹായങ്ങൾ ഓർമപ്പെടുത്തി പ്രസിഡന്റ് ജോ ബൈഡൻ. നെതന്യാഹുവിന്റെ അട്ടിമറി നീക്കങ്ങളെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ബൈഡൻ, അതൊന്നും താൻ കാര്യമാക്കുന്നില്ലെന്നും തുറന്നടിച്ചു. തന്റെ ഭരണകൂടത്തെ പോലെ മറ്റൊരാളും നെതന്യാഹുവിനെ സഹായിച്ചിട്ടില്ല. അക്കാര്യം അദ്ദേഹം ഓർക്കണമെന്നും അപ്രതീക്ഷിത വാർത്ത സമ്മേളനത്തിൽ ബൈഡൻ കൂട്ടിച്ചേർത്തു.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെതന്യാഹു ഗസ്സ വെടിനിർത്തൽ കരാർ വൈകിപ്പിക്കുന്നതെന്ന് കണേറ്റിക്കട്ടിൽനിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് മെർഫിയുടെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ബൈഡൻ.
ഇറാന്റെ എണ്ണപ്പാടങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഏതുതരത്തിൽ ആക്രമിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബൈഡൻ പറഞ്ഞു. ഞാനായിരുന്നു അവരുടെ സ്ഥാനത്തെങ്കിൽ എണ്ണപ്പാടങ്ങൾ ആക്രമിക്കുന്നതിന് പകരം ബദൽ സാധ്യതയെക്കുറിച്ച് ആലോചിക്കുമായിരുന്നു. ഇറാന് തിരിച്ചടി നൽകുന്നതിനെക്കുറിച്ച് ഇസ്രായേൽ തീരുമാനത്തിലെത്തുമ്പോൾ നെതന്യാഹുമായി ചർച്ച നടത്തുമെന്നും ബൈഡൻ വ്യക്തമാക്കി.
നവംബറിൽ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചും ബൈഡൻ സംസാരിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കും തെരഞ്ഞെടുപ്പെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ബൈഡൻ, സമാധാനപരമായിരിക്കുമോയെന്ന് അറിയില്ലെന്നും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.