കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ മുൻ സർക്കാർ തയാറാക്കിയ വിവാദ കരാറുകൾക്ക് അംഗീകാരം നൽകി ശ്രീലങ്ക. വിദേശ കടപ്പത്ര ഉടമകളുമായുള്ള കരാറുകൾക്കാണ് അനുര കുമാര ദിസ്സനായകെയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകിയത്.
സെപ്റ്റംബർ 19ന് ഇന്റർനാഷനൽ സോവറീൻ ബോണ്ട് ഉടമകളുമായി തയാറാക്കിയ കരാറിന് തത്ത്വത്തിൽ അംഗീകാരം നൽകിയതായി ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 14.7 ബില്യൺ ഡോളറിന്റെ കടം വെട്ടിക്കുറക്കാൻ വോട്ടെടുപ്പിന്റെ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അന്താരാഷ്ട്ര കടപ്പത്ര നിക്ഷേപകരുമായും ചൈന ഡെവലപ്മെന്റ് ബാങ്കുമായും മുൻ പ്രസിഡന്റ് റനിൽ വിക്രമെസിംഗെ കരാർ പ്രഖ്യാപിച്ചത്.
ഈ കരാറുകൾ പുനഃപരിശോധിക്കുമെന്നായിരുന്നു ദിസ്സനായകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ, അധികാരത്തിലെത്തിയ ശേഷം അന്താരാഷ്ട്ര നാണയനിധി പ്രതിനിധികളുമായി കൊളംബോയിൽ രണ്ട് ദിവസം മാത്രം ചർച്ച നടത്തിയ ശേഷം കരാർ അംഗീകരിക്കുകയായിരുന്നു. 46 ബില്യൺ ഡോളർ വിദേശ കടത്തിലാണ് ശ്രീലങ്ക. 2022ലെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാൻ കടം വെട്ടിക്കുറക്കുക എന്നതാണ് അന്താരാഷ്ട്ര നാണയനിധി സമർപ്പിച്ച പ്രധാന നിർദേശം. സർക്കാർ തയാറാക്കിയ കരാർ യാഥാർഥ്യമാകണമെങ്കിൽ പാർലമെന്റിന്റെ അംഗീകാരംകൂടി വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.