ബൈറൂത്: യു.എസുമായി ചേർന്ന് ഇറാനുനേരെയുള്ള ഇസ്രായേൽ പ്രത്യാക്രമണം ആസന്നമെന്ന റിപ്പോർട്ടുകൾക്കിടെ ലബനാനിലും ഗസ്സയിലും വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേൽ സൈന്യം. ദിവസങ്ങൾക്കിടെ മരണം 2000 കവിഞ്ഞ ലബനാനിലുടനീളം ശനിയാഴ്ച വ്യാപക ആക്രമണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഹസൻ നസ്റുല്ലയുടെ പിൻഗാമിയായി കരുതുന്ന ഹാശിം സഫിയുദ്ദീനെ ലക്ഷ്യമിട്ട് ബൈറൂത്തിനോടു ചേർന്ന് ദാഹിയയിൽ ഹിസ്ബുല്ല ആസ്ഥാനത്ത് ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. ബൈറൂത്തിൽ പുതുതായി കൂടുതൽ കേന്ദ്രങ്ങളിൽ ഇസ്രായേൽ സേന കുടിയൊഴിപ്പിക്കൽ നിർദേശം നൽകിയതിനാൽ പലായനം തുടരുകയാണ്. രണ്ട് ലക്ഷത്തിലേറെ ആളുകൾ സിറിയയിലേക്ക് പലായനം ചെയ്തതായി അഭയാർഥികൾക്കായുള്ള യു.എൻ ഹൈകമീഷണർ ഫിലിപ്പോ ഗ്രാൻഡി എക്സിൽ അറിയിച്ചു. ലബനാനിൽ 2000 പേർ കൊല്ലപ്പെട്ടതിൽ 127 കുട്ടികളും 261 സ്ത്രീകളുമാണെന്ന് ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായി വടക്കൻ ലബനാനിലെ ട്രിപളി നഗരത്തിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ട്രിപളിയിലെ ഫലസ്തീൻ അഭയാർഥി ക്യാമ്പിലായിരുന്നു ആക്രമണം. ദക്ഷിണ ലബനാനിലെ മസ്ജിദിനു നേരെയും സലാഹ് ഗൻദൂർ ആശുപത്രിക്കു നേരെയും ആക്രമണമുണ്ടായി. തെക്കൻ ലബനാനിൽ നാല് ആശുപത്രികൾ ഇസ്രായേൽ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. അതിനിടെ, ഹൂതി കേന്ദ്രങ്ങൾക്കു നേരെയെന്ന പേരിൽ യമനിൽ 15 കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. പശ്ചിമേഷ്യൻ സംഘർഷത്തിൽ പങ്കാളിത്തം കൂടുതൽ സജീവമാക്കുന്നുവെന്ന സൂചനയായി സൻആ, ഹുദൈദ, ധമ്മാർ എന്നിവിടങ്ങളിലായിരുന്നു അമേരിക്ക നേരിട്ട് ബോംബ് വർഷിച്ചത്.
ഇസ്രായേലിൽ ഇറാൻ നടത്തിയ ബോംബുവർഷത്തിന് മറുപടിയായി അമേരിക്കയുടെ ഏകോപനത്തോടെ ഇസ്രായേൽ തിരിച്ചടി ഉടനുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനായി യു.എസ് സെൻട്രൽ കമാൻഡ് മേധാവി ഇസ്രായേലിലേക്ക് തിരിച്ചിട്ടുണ്ട്.
അതിനിടെ, ലബനാനിലേക്ക് കടന്നുകയറാൻ ശ്രമിച്ച ഇസ്രായേൽ സൈന്യം സഞ്ചരിച്ച വഴിയിൽ സ്ഫോടക വസ്തു സ്ഥാപിച്ച് 20 പേരെയെങ്കിലും കൊലപ്പെടുത്തുകയോ പരിക്കേൽപിക്കുകയോ ചെയ്തതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയിലേക്ക് ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. ഇറാഖിലെ ‘ഇസ്ലാമിക് റെസിസ്റ്റൻസ്’ ഇസ്രായേലിന്റെ അധീനതയിലുള്ള ഗോലാൻ കുന്നിലേക്ക് നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും 15 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ശനിയാഴ്ച സിറിയ സന്ദർശിച്ച് മേഖലയിലെ സംഭവവികാസങ്ങൾ ഉന്നതരുമായി ചർച്ച ചെയ്തു. വെള്ളിയാഴ്ച അദ്ദേഹം ലബനാനിലെത്തിയിരുന്നു. 10 ടൺ ഭക്ഷ്യവസ്തുക്കളും മരുന്നും അടിയന്തര സഹായമായി ലബനാനിലെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഗസ്സയിൽ 24 മണിക്കൂറിനിടെ 12 ഫലസ്തീനികൾ കൂടി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആറുപേർ നുസൈറാത് അഭയാർഥി ക്യാമ്പിലും അഞ്ചുപേർ ബൈത് ഹാനൂനിലും ഒരാൾ ദൈർ അൽ ബലാഹിലുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 41,825 ആയി ഉയർന്നു. 96,910 പേർക്ക് പരിക്കേറ്റു. ഗസ്സയിലെ നുസൈറാത്, ബുറൈജ് അഭയാർഥി ക്യാമ്പുകളിലെ 11 ബ്ലോക്കുകളിൽനിന്ന് ആളുകളോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു. എന്നാൽ, പോകാൻ ഇടമില്ലാത്ത നിസ്സഹായാവസ്ഥയിലാണ് അഭയാർഥികൾ.
വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ വിവിധയിടങ്ങളിൽ ഇസ്രായേൽ സൈന്യം റെയ്ഡ് തുടരുന്നു. ഖൽഖിൽയയിൽ രണ്ടുപേരെയും നബ്ലുസിലും റാമല്ലയിലും തുബാസിലും ഓരോരുത്തരെയും അറസ്റ്റ് ചെയ്തു. തുബാസിൽ അറസ്റ്റ് ചെയ്തയാളെ രണ്ടുവർഷത്തെ തടവിന് ശേഷം കഴിഞ്ഞ മാസം വിട്ടയച്ചതാണ്. ഇവിടെ സൈന്യവും അൽ അഖ്സ രക്തസാക്ഷി ബ്രിഗേഡും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വെസ്റ്റ് ബാങ്കിലെ വാദി അൽ ഫറ ഗ്രാമത്തിൽ ഫലസ്തീനിയെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. ഒരു വർഷത്തിനിടെ വെസ്റ്റ് ബാങ്കിൽ 742 ഫലസ്തീനികളാണ് ഇസ്രായേൽ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 62,50 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.