ബെയ്ജിങ്: ജയ്ശെ മുഹമ്മദ് തലവൻ മസ്ഉൗദ് അസ്ഹറിനെ യു.എന്നിൽ വിലക്കുന്നതുമായി ബന്ധപ്പെട്ട് ചൈന മൗനം പാലിച്ചു. യു.എന്നിൽ സ്ഥിരാംഗത്വമുള്ള ചൈനയാണ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടയുന്നത്. ആദ്യമായാണ് ബ്രിക്സ് ഉച്ചകോടിയിൽ പാകിസ്താൻ കേന്ദ്രീകൃതമായ തീവ്രവാദത്തെക്കുറിച്ച് പരാമർശിക്കുന്നത്. തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ശക്തമായ നിലപാട് തങ്ങൾക്കുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. എന്നാൽ, അസ്ഹറിനെ വിലക്കുന്നതിനെ ചൈന എതിർക്കുന്നത് എന്തിനെന്ന ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബ്രിക്സ് രാജ്യങ്ങളുടെ സഹകരണവും നേട്ടവും സംതൃപ്തിയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു വർഷമായി അസ്ഹറിനെ വിലക്കുന്നതിനായി ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ചൈന വിഘാതമായി നിൽക്കുകയാണ്. അമേരിക്കയും ബ്രിട്ടനും ഫ്രാൻസും അസ്ഹറിനെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ യു.എന്നിൽ ആഗോള ഭീകരനായി അസ്ഹറിനെ പ്രഖ്യാപിക്കുന്നതിന് അമേരിക്ക നടത്തിയ നീക്കത്തെ ചൈന എതിർത്തു.
കഴിഞ്ഞ വർഷം നടത്തിയ ഉച്ചകോടിയിൽ ബ്രിക്സ് രാജ്യങ്ങൾ തീവ്രവാദത്തിനെതിരെ സമഗ്രമായ സമീപനം പുലർത്തണമെന്ന അനുമാനത്തിനെതിരാണ് അസ്ഹറിെൻറ കാര്യത്തിൽ ചൈനയുടെ നിലപാട്. താലിബാൻ, ഐ.എസ്, അൽഖാഇദ, തുർക്കിസ്താൻ ഇസ്ലാമിക് മൂവ്മെൻറ്, ഇസ്ലാമിക് മൂവ്മെൻറ് ഓഫ് ഉസ്ബകിസ്താൻ, ഹഖാനി നെറ്റ്വർക്, ലശ്കറെ ത്വയ്യിബ എന്നീ സംഘടനകളുടെ പ്രവർത്തനങ്ങളിൽ ബ്രിക്സ് ആശങ്ക രേഖപ്പെടുത്തി. യു.എൻ സെക്യൂരിറ്റി കൗൺസിലിെൻറയും ഫിനാൻഷ്യൽ ടാസ്ക് ഫോഴ്സിെൻറയും (എഫ്.എ.ടി.എഫ്) പ്രവർത്തനം ലോകം മുഴുവനും വ്യാപിപ്പിക്കണമെന്ന് യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.