വുസെൻ (ചൈന): രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തീവ്രവാദി സംഘങ്ങളെ പിന്തുണക്കരുതെന്ന് റഷ്യയും ഇന്ത്യയും ചൈനയും വ്യക്തമാക്കി. ഭീകര പ്രവൃത്തികൾ പിന്തുണക്കുന്നവരെ വെറുതെ വ ിടരുതെന്നും അവരെ നീതിവ്യവസ്ഥക്കു മുന്നിൽ ഹാജരാക്കണമെന്നും ത്രിരാഷ്ട്രങ്ങൾ അഭിപ്രായപ്പെട്ടു. മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ 16ാമത് സംയുക്തയോഗം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ-പാക് സംഘർഷം മൂർധന്യതയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ഭീകരവിരുദ്ധ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന.
ലോകരാജ്യങ്ങൾ ഭീകരതക്കെതിരായ യു.എൻ ശ്രമങ്ങളെ ശക്തിപ്പെടുത്തണമെന്നും ഇതിനായുള്ള യു.എൻ രക്ഷാസമിതി പ്രമേയങ്ങൾ നടപ്പാക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ചൈന, റഷ്യൻ വിദേശകാര്യ മന്ത്രിമാരായ വാങ് യി, സെർജി ലാവ്റോവ് എന്നിവർ ആവശ്യപ്പെട്ടു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും സ്വാതന്ത്ര്യവും അംഗീകരിക്കുകയും അന്താരാഷ്ട്ര നിയമങ്ങളും യു.എൻ ചാർട്ടറും മാനിച്ചുള്ള ഭീകര വിരുദ്ധ പദ്ധതി ആവിഷ്കരിക്കുകയും വേണം. അന്താരാഷ്ട്ര ഭീകരത സംബന്ധിച്ച സമഗ്ര യു.എൻ കൺവെൻഷൻ വൈകാതെ നടപ്പാക്കണം. ഭീകരതക്കെതിരായ ദേശീയ-അന്താരാഷ്ട്ര മുന്നേറ്റത്തിൽ രാഷ്ട്രങ്ങൾക്കും അവരുടെ വിവിധ ഏജൻസികൾക്കും നിർണായക പങ്കുണ്ട്.
സിറിയയിലെ ഭീകര സംഘടനകൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ മെച്ചപ്പെട്ട സഹകരണം വേണം. ആ രാജ്യത്തിെൻറ സാമൂഹിക-സാമ്പത്തിക പുനർനിർമാണം അടിയന്തര ആവശ്യമാണ്.
അതിനായി അന്താരാഷ്ട്ര സമൂഹം ഒരു വേർതിരിവും രാഷ്ട്രീയവുമില്ലാതെ പിന്തുണ നൽകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.