ധാക്ക: ബംഗ്ലദേശിൽ അഴിമതിക്കേസിൽ അഞ്ചു വർഷം തടവ് വിധിക്കപ്പെട്ട പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയക്ക് ജാമ്യം. പക്ഷേ, പുറത്തിറങ്ങാനുള്ള അവസരം നിഷേധിച്ച് മറ്റൊരു കേസിൽ അവരെ വീണ്ടും അറസ്റ്റ് ചെയ്തു. ധാക്ക ഹൈകോടതിയാണ് ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) നേതാവിന് നാലു മാസത്തെ ജാമ്യം അനുവദിച്ചിരുന്നത്.
ശാരീരിക അവശത ഉൾപെടെ കാരണങ്ങൾ നിരത്തിയായിരുന്നു ജാമ്യം. വിധി വന്നയുടൻ പ്രാദേശിക കോടതി നേരത്തെ പുറപ്പെടുവിച്ച വാറൻറ് ഉപയോഗിച്ചാണ് ഇവരെ വീണ്ടും അറസ്റ്റ് ചെയ്തത്.
മൂന്നു വർഷം മുമ്പ് സർക്കാർവിരുദ്ധ കലാപത്തിന് പ്രേരണ നൽകിയെന്ന കുറ്റത്തിനാണ് നടപടി. ഖാലിദയുടെ ജയിൽ മോചന വാർത്ത വന്നയുടൻ അടുത്ത ഡിസംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിൻമാറിയേക്കുമെന്ന് ബി.എൻ.പി സൂചിപ്പിച്ചിരുന്നു. പക്ഷേ, പ്രതിപക്ഷത്തിെൻറ പ്രതീക്ഷകളെ വീണ്ടും അസ്ഥാനത്താക്കുന്നതാണ് പുതിയ നടപടി.
രണ്ടു തവണ പ്രധാനമന്ത്രിയാവുകയും പതിറ്റാണ്ടുകളായി ബംഗ്ല രാഷ്ട്രീയത്തിൽ നിർണായക സാന്നിധ്യമാകുകയും ചെയ്ത സിയക്കെതിരായ വിധി രാജ്യത്തെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു.
ഖാലിദ സിയയുടെ ഭർത്താവുകൂടിയായ മുൻ സൈനിക ഭരണാധികാരി സിയാഉർ റഹ്മാെൻറ പേരിലുള്ള സിയ ഒാർഫനേജിന് ലഭിച്ച രണ്ടര ലക്ഷം ഡോളർ വിദേശ സംഭാവനയിൽ തിരിമറി നടത്തിയെന്ന് കണ്ടെത്തിയാണ് നേരത്തെ കീഴ്േകാടതി ഇവർക്ക് ശിക്ഷ വിധിച്ചിരുന്നത്. ഖാലിദയുടെ മകനും പാർട്ടി ആക്ടിങ് ചെയർമാനുമായ താരിഖ് റഹ്മാൻ, ബന്ധു മുഅ്മിനു റഹ്മാൻ തുടങ്ങിയവരും ശിക്ഷിക്കപ്പെട്ടിരുന്നു. ഇൗ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷത്തെ ഒതുക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമായാണ് വിധി വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടത്.
അഞ്ചു വർഷം ജയിൽ വിധിക്കപ്പെട്ടതോടെ ഇവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത അടഞ്ഞിട്ടുണ്ട്. ഖാലിദ സിയയുടെ പ്രായം കൂടി പരിഗണിച്ചാണ് ശിക്ഷയിൽ ഇളവ് അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു.
അതേസമയം, ഖാലിദ സിയയുടെ പാർട്ടി വീണ്ടും പിന്മാറിയാൽ ശൈഖ് ഹസീനയുടെ അവാമി ലീഗ് വീണ്ടും അധികാരത്തിലെത്തും.
ബി.എൻ.പിയുടെ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഭീകര മുദ്ര ചുമത്തിയതിനെതിരെയും വ്യാപക വിമർശമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.