ഇസ്ലാമാബാദ്: ഭീകരസംഘടനകൾക്ക് ലഭിക്കുന്ന സാമ്പത്തികസഹായം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് കാണിച്ച് പാകിസ്താനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തി. പാകിസ്താന് കനത്ത തിരിച്ചടിയാണ് എഫ്.എ.ടി.എഫിെൻറ നീക്കം. പാരിസിൽ ചേർന്ന എഫ്.എ.ടി.എഫ് യോഗത്തിലായിരുന്നു തീരുമാനം.
പാക് ധനമന്ത്രി ഷംഷാദ് അക്തറും യോഗത്തിൽ പെങ്കടുത്തിരുന്നു. തീരുമാനം ഉപേക്ഷിക്കണമെന്ന് അക്തർ ആവശ്യപ്പെട്ടു.
സാമ്പത്തികസഹായം തടയുന്നതിനു പകരം എഫ്.എ.ടി.എഫിന് 26 ഇന കർമപദ്ധതിയുടെ രേഖ സമർപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് നടപടി. മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് മുഹമ്മദ് സഇൗദിെൻറ ജമാഅത്തുദ്ദഅ്വയും പോഷക സംഘടനകളും ഉൾപ്പെടെയുള്ളവയുടെ സാമ്പത്തിക സഹായം മരവിപ്പിക്കാൻ ലക്ഷ്യമിട്ട 26 ഇന കർമപദ്ധതിയുടെ രൂപരേഖയാണ് കൈമാറിയത്. അന്താരാഷ്ട്രതലത്തിൽ പാകിസ്താെൻറ നിലനിൽപിനും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥക്കും കനത്ത തിരിച്ചടിയാണ് നടപടി. ഇതോടെ ബാങ്കുകൾ ഉൾപ്പെട്ട അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾക്ക് പാകിസ്താനിൽ നിക്ഷേപങ്ങൾ നടത്താനോ പ്രവർത്തിക്കാനോ വിലക്കു വരും. വ്യവസായങ്ങളുടെ വികസനത്തിനാവശ്യമായ സാമ്പത്തികസഹായം വിദേശരാജ്യങ്ങളിൽനിന്ന് സ്വീകരിക്കാനും കഴിയില്ല. നിലവിൽ 30,000 കോടി ഡോളറിെൻറ കടബാധ്യതയിലാണ് രാജ്യം.
പട്ടികയിൽ ഉൾപ്പെടുത്തിയ തീരുമാനത്തിൽ അത്ഭുതം തോന്നുന്നില്ലെന്ന് പാകിസ്താൻ പ്രതികരിച്ചു. 2012 മുതൽ 2015 വരെ പാകിസ്താനെ ഗ്രേ പട്ടികയിൽ പെടുത്തിയിരുന്നു.
എഫ്.എ.ടി.എഫ്
പാരിസ്:ആഗോള സാമ്പത്തിക വ്യവസ്ഥക്ക് തുരങ്കംവെക്കുന്ന ഭീകര സംഘടനകൾക്കുള്ള സാമ്പത്തികസഹായം തടയുക, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവ തടയുന്നതിെൻറ ഭാഗമായി 1989ലാണ് വിവിധ രാജ്യങ്ങളുടെ സർക്കാറുകൾ ഉൾക്കൊള്ളുന്ന എഫ്.എ.ടി.എഫ് രൂപവത്കരിച്ചത്. 37 രാജ്യങ്ങളാണ് അംഗമായിട്ടുള്ളത്. പാരീസ് ആണ് ആസ്ഥാനം. തുടക്കത്തിൽ 16 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.