ഇസ്ലമാബാദ്: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് വൃക്ക രോഗമാണെന്നും വൃക്ക മാറ്റിവെക്കേണ്ട സാഹചര്യമാണെന്നും റിപ്പോര്‍ട്ട്. റാവൽപിണ്ടിയിലെ ആഡിയാല ജയിലിൽ നിന്നും അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് മെഡിക്കല്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായി പാകിസ്താൻ മാധ്യമമായ ‘ദ എക്സ്പ്രസ് ട്രൈബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്തു.
ശരീഫിെൻറ രക്തത്തില്‍ യൂറിയ നൈട്രജെൻറ അളവ് അപകടകരമായ നിലയിലാണെന്നും ഹൃദയമിടിപ്പ് വര്‍ധിച്ച നിലയിലാണെന്നും നിര്‍ജ്ജലീകരണമുണ്ടെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്. ഞായറാഴ്ചയാണ് വിദഗ്ധ മെഡിക്കൽ സംഘം ജയിലിലെത്തി നവാസ് ശരീഫിനെ പരിശോധിച്ചത്.
ജയില്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാനുള്ള സൗകര്യമില്ലെന്നും അടിയന്തരമായി കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ ഇത് പതിവ് പരിശോധനയുടെ ഭാഗമാണെന്നും പരിശോധനാ ഫലങ്ങളിൽ അസാധാരണമായി ഒന്നുമില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. മെഡിക്കൽ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പാക് ഇടക്കാല സർക്കാർ ഉടൻ തീരുമാനമെടുത്തേക്കും.
ജൂലായ് ആറിനാണ് പാക് അക്കൗണ്ടബിലിറ്റി ബ്യൂറോ ശരീഫിന് 10 വര്‍ഷവും മകൾ മറിയത്തിന് ഏഴു വര്‍ഷവും മരുമകൻ മുഹമ്മദ് സഫ്ദറിന് ഒരുവര്‍ഷവും തടവുശിക്ഷ വിധിച്ചത്. പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പാകിസ്താനിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ ഒന്നായ അവാന്‍ഫീല്‍ഡ് ഹൗസ് കേസിലാണ് വിധി. ചൊവ്വാഴ്ച മൂന്നുപേരുടെയും ജാമ്യാപേക്ഷ ഇസ്ലാമാബാദ് ഹൈകോടതി തള്ളിയിരുന്നു.
ലണ്ടനിലായിരുന്ന ശരീഫിനെയും മകൾ മറിയത്തെയും ജൂലായ് 13-ന് ലഹോര്‍ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.