ബീജിങ്: ചൊവ്വാഴ്ച സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കേട്ട വാക്കാണ് ഹാൻറ വൈറസ്. കൊറോണയുടെ താണ്ഡവം ശമിക്കും മുൻ പ് അതിൻെറ ഉത്ഭവകേന്ദ്രമായ ചൈനയിൽ ഒരു ഹാൻറ വൈറസ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതായിരുന്നു കാരണം. എന്നാൽ, ഇത് പുത ിയ രോഗമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കുകയാണ് ആരോഗ്യ വിദഗ്ധർ. ദശകങ്ങൾക്ക് മുമ്പേ മനുഷ്യനെ ബാധിച്ചിട്ടുള്ള ഈ രോഗത്തിന് ഫലപ്രദമായ ചികിൽസ കണ്ടെത്തിയിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ പ്രചാരണം കണ്ട് പര ിഭ്രാന്തരാകേണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
1978ൽ ദക്ഷിണ കൊറിയയിലാണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഹന്താൻ നദിയുടെ പേരിൽ നിന്ന് കിട്ടിയ ഹന്താൻ വൈറസ് എന്ന പേര് 1981ൽ ആണ് ഹാന്റ എന്നാക്കിയത്. ഹാന്റ വൈറസ് എലി, മുയൽ, അണ്ണാൻ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിൽ നിന്നാണ് പകരുന്നത്. അവയുടെ മൂത്രം, തുപ്പൽ, കടി, കാഷ്ഠം എന്നിവയിൽ നിന്ന് കൈകൾ വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നതിലൂടെ മനുഷ്യരിലേക്ക് പകരാം. പക്ഷെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാൻ സാധ്യത തീരെ കുറവാണ്.
മരണ നിരക്ക് 38 ശതമാനത്തിലും താഴെയാണെന്നും അമേരിക്കയിലെ സെൻറർ ഫൊർ ബയോടെക്നോളജി ഇൻഫർമേഷൻ (എൻ.സി.ബി.ഐ) റിപ്പോർട്ടിൽ പറയുന്നു. വൃക്കയെയും ശ്വാസകോശത്തെയും ബാധിക്കുന്ന രണ്ട് തരത്തിലുള്ള ഹാന്റ വൈറസ് രോഗങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആദ്യത്തേത് യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലും രണ്ടാമത്തേത് അമേരിക്കയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കയിലെ സെന്റർ ഫൊർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) വെബ്സൈറ്റിൽ പറയുന്നു. കരണ്ടുതിന്നുന്ന ജീവികളുടെ മൂത്രം, തുപ്പൽ, കടി, കാഷ്ഠം എന്നിവയിൽ നിന്ന് വളർത്തുമൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യതയും സി.ഡി.സി ചൂണ്ടിക്കാട്ടുന്നു. പനി, തലവേദന, തൊണ്ടവേദന, ചുമ, ശരീരവേദന, ശ്വാസംമുട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ.
ചൈനയിലെ യുന്നാൻ പ്രവിശ്യയിൽ ഹാന്റ വൈറസ് ബാധ സ്ഥിരീകരിച്ചയാൾ ചൊവ്വാഴ്ച മരിച്ചതായി ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തതോടെയാണ് ഇതുസംബന്ധിച്ച വാർത്തകൾ പരന്നത്. ഷാൻഡോങ് പ്രവിശ്യയിലേക്ക് ജോലി ചെയ്യാനായി ബസിൽ പോകുമ്പോളാണ് ഇയാൾ മരിക്കുന്നത്. തുടർന്ന് ബസിൽ ഉണ്ടായിരുന്ന 32 പേരെയും നിരീക്ഷണത്തിലാക്കിയെന്ന് അധികൃതരെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത് വായുവിലൂടെയോ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കൊ പകരുകയില്ലെന്നും ഭയപ്പെടേണ്ട സ്ഥിതിവിശേഷം നിലവിലില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
എലി, അണ്ണാൻ, മുയൽ തുടങ്ങിയ ജീവികളുമായി സമ്പർക്കം പുലർത്തുന്നവരാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ഇവയുമായി അടുത്ത് ഇടപഴകുന്നവർ കൈകൾ വൃത്തിയാക്കാതെ കണ്ണ്, വായ്, മൂക്ക് എന്നിവയിൽ സ്പർശിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.