ദമ്മാം: യമനിലെ ഹൂതി വിമതര്‍ വ്യാഴാഴ്ച രാത്രി മക്കക്കു നേരെ തൊടുത്തത് സ്കഡ് മിസൈല്‍. മൂന്നാംലോക രാജ്യ സൈന്യങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്നതാണ് ഈ ഉപരിതല-ഉപരിതല മിസൈല്‍. 300 കിലോമീറ്ററിനപ്പുറം പ്രഹരശേഷിയുള്ള മിസൈലാണ് മക്കക്കു നേരെ വിക്ഷേപിച്ചത്.
ഒന്നാം ഗള്‍ഫ് യുദ്ധത്തിന്‍െറ കാലത്താണ് സ്കഡ് മിസൈല്‍ എന്ന വാക്ക് മലയാളികള്‍ക്ക് പരിചിതമായത്. ഇറാഖ് പ്രസിഡന്‍റായിരുന്ന സദ്ദാം ഹുസൈന്‍െറ ആവനാഴിയിലെ ഏറ്റവും ഭീഷണമായ ആയുധമായിരുന്നു അത്. സ്കഡിന്‍െറ ഭീഷണിയില്‍നിന്ന് സഖ്യരാഷ്ട്രങ്ങളെ സംരക്ഷിക്കാന്‍ അമേരിക്ക മുന്‍കൈയെടുത്ത് ഗള്‍ഫ് മേഖലയില്‍ പാട്രിയറ്റ് പ്രതിരോധസംവിധാനവും സ്ഥാപിക്കപ്പെട്ടു.
ഇറാന്‍-ഇറാഖ് യുദ്ധത്തിലും ’80കളിലെ അഫ്ഗാന്‍ ആഭ്യന്തരയുദ്ധത്തിലും പിന്നീട് യമനിലും ലിബിയയിലും സിറിയയിലുമൊക്കെ ഈ മിസൈലിന്‍െറ വകഭേദങ്ങള്‍ രംഗം കൈയടക്കി. ശീതയുദ്ധകാലത്തെ സോവിയറ്റ് നിര്‍മിതിയാണ് ലോകമെങ്ങും പേരുകേള്‍പ്പിച്ച ഈ ആയുധം. റഷ്യയില്‍നിന്ന് ഈ ഗണത്തില്‍ പെട്ട നൂറുകണക്കിന് മിസൈലുകള്‍ കഴിഞ്ഞകാലങ്ങളില്‍ യമന്‍ സര്‍ക്കാര്‍ വാങ്ങിയിരുന്നു. യമനി ആയുധപ്പുരകളില്‍ സൂക്ഷിച്ചിരുന്ന ഇവ രാജ്യത്തിന്‍െറ നിയന്ത്രണം പില്‍ക്കാലത്ത് പിടിച്ചെടുത്ത അലി അബ്ദുല്ല സാലിഹിന്‍െറ സായുധസംഘത്തിനും അതുവഴി ഹൂതി വിമതര്‍ക്കും കരഗതമാകുകയായിരുന്നു.
അബ്ദുല്ല സാലിഹിന്‍െറയും ഹൂതികളുടെയും പരിമിതമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകുന്നതല്ല സ്കഡിന്‍െറ സാങ്കേതിക വിദ്യയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതുകൊണ്ടുതന്നെ ഇത് ഹൂതികളുടെ മാത്രം ചെയ്തിയാണെന്ന് മേഖലയിലെ സൈനിക വിദഗ്ധര്‍ വിലയിരുത്തുന്നില്ല.
ഇറാനിയന്‍ വിദഗ്ധരുടെയോ സാലിഹിന്‍െറ സംഘത്തിലുള്ള മുന്‍ സൈനിക ഉദ്യോഗസ്ഥരുടെയോ സഹായം ഇതിന് ലഭിച്ചിരിക്കാമെന്നാണ് ഈജിപ്ഷ്യന്‍ സൈനിക വിദഗ്ധനായ ഹിശാം അല്‍ഹലബി സൂചിപ്പിക്കുന്നത്. പരിധിയിലുള്ള ഏത് ഉപരിതല ലക്ഷ്യവും തകര്‍ക്കാന്‍ ഈ മിസൈലിന് സാധിക്കും. പക്ഷേ, ഇതിലും സാങ്കേതിക തികവുള്ള മിസൈലുകളെയും തകര്‍ക്കാനുള്ള പ്രതിരോധ സംവിധാനമാണ് സൗദിക്കുള്ളത്. ഈ മികവാണ് വലിയൊരു ദുരന്തത്തില്‍നിന്ന് രക്ഷിച്ചത്.
മക്കക്ക് 65 കിലോമീറ്റര്‍ അകലെ ആകാശത്തുവെച്ച് മിസൈലിനെ തകര്‍ത്തുവെന്ന് മാത്രമല്ല, തൊട്ടുപിന്നാലെ യമനിലെ സഅദയിലുള്ള വിക്ഷേപണകേന്ദ്രം ബോംബിട്ട് നശിപ്പിക്കുകയും ചെയ്തു. സ്കഡിന്‍െറ എ, ബി, സി, ഡി തലമുറ മിസൈലുകളും സാലിഹിന്‍െറ സംഘം കൈയാളുന്നതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.