മോദി-പുടിന്‍ കൂടിക്കാഴ്ചയില്‍ 16 കരാറുകള്‍ക്ക് ധാരണയായി

ബെനൗലിം (ഗോവ): പ്രവചനങ്ങളും അഭ്യൂഹങ്ങളും വെറുതെയായില്ല. മാധ്യമ റിപ്പോര്‍ട്ടുകളെ പൂര്‍ണമായും ശരിവെച്ച് പ്രതിരോധ, ആണവോര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കുന്ന സുപ്രധാന കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. ശനിയാഴ്ച ഗോവയിലെ പനാജിയില്‍ ആരംഭിച്ച ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കരാറുകള്‍ ഒപ്പുവെച്ചത്. റഷ്യയുടെ ഏറ്റവും അത്യാധുനികമായ എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനം വാങ്ങുന്നതിനും തമിഴ്നാട്ടിലെ കൂടങ്കുളം ആണവനിലയത്തില്‍ രണ്ട് റിയാക്ടറുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കരാറുകളിലാണ് ഇരുനേതാക്കളും ഒപ്പുചാര്‍ത്തിയത്. ഈ രണ്ട് കരാറുകള്‍ക്ക് മാത്രമായി ലക്ഷം കോടിയിലധികം രൂപ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനുപുറമെ, ബഹിരാകാശ ഗവേഷണരംഗത്തെ സഹകരണമുള്‍പ്പെടെ മറ്റ് 14 ധാരണപത്രങ്ങളും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തയാറായി.

റഷ്യന്‍ സര്‍ക്കാറിന് കീഴിലുള്ള അല്‍മാസ്-ആന്‍െറ എന്ന കമ്പനി നിര്‍മിക്കുന്ന എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനം ഇന്ത്യ സ്വന്തമാക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 400 കി.മീറ്ററിലധികം പ്രഹരപരിധിയുള്ള ഈ സംവിധാനത്തിന് ഡ്രോണുകളെയും എയര്‍ക്രാഫ്റ്റുകളെയും മറ്റും കൃത്യമായി പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഒരേസമയം, മൂന്നുതരം മിസൈലുകള്‍ വര്‍ഷിക്കാനും 36 വ്യത്യസ്ത സ്ഥാനങ്ങളില്‍ എത്തിക്കാനും ഇതിന് കഴിയും. ഏകദേശം 34,000 കോടി നല്‍കിയാണ് ഇവ ഇന്ത്യ വാങ്ങുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യ, റഷ്യയുമായി പ്രാഥമിക ധാരണയിലത്തെിയത്. നിലവില്‍ ചൈനയും ഈ മിസൈല്‍ സംവിധാനം റഷ്യയില്‍നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. ട്രയംഫ് മിസൈലിന് പുറമെ, നാല് റഷ്യന്‍ യുദ്ധക്കപ്പകലുകളും ഇന്ത്യ വാങ്ങും. ഇതില്‍ രണ്ടെണ്ണം നേരിട്ട് വാങ്ങും. ബാക്കി രണ്ടെണ്ണം റഷ്യന്‍ സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിക്കും. 100 കോടിയുടെ കരാറാണിത്. ഇന്ത്യയില്‍ എവിടെയാണ് കപ്പല്‍ നിര്‍മിക്കുകയെന്ന് വ്യക്തമല്ല. കാമോവ് ഹെലികോപ്ടറുകളുടെ സംയുക്ത നിര്‍മാണത്തിനും ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്.

കൂടങ്കുളം രണ്ടാം യൂനിറ്റ് ഇരുനേതാക്കളും ചേര്‍ന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന്, യൂനിറ്റ് മൂന്ന്, നാല് എന്നിവയുടെ നിര്‍മാണം സംബന്ധിച്ചും ധാരണയിലത്തെി. ആഗസ്റ്റ് 10നാണ് ഒന്നാം യൂനിറ്റ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. രാജ്യത്ത് എട്ട് ആണവ റിയാക്ടറുകള്‍കൂടി റഷ്യന്‍ സഹകരണത്തോടെ നിര്‍മിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തി.

മറ്റ് പ്രധാന കരാറുകള്‍ ഇവയാണ്:

  • അടിസ്ഥാന വികസനങ്ങള്‍ക്കായി ഇന്ത്യ-റഷ്യ സംയുക്ത ഫണ്ടിന് രൂപം നല്‍കും
  • കാമോവ് മാതൃകയില്‍ 200 ഹെലികോപ്ടറുകളുടെ സംയുക്ത നിര്‍മാണം
  • ആന്ധ്രയില്‍ റഷ്യന്‍ സഹായത്തോടെ കപ്പല്‍ നിര്‍മാണശാലയും പരിശീലനകേന്ദ്രവും സ്ഥാപിക്കും
  • ശാസ്ത്ര-സാങ്കേതിക കമീഷന്‍ സ്ഥാപിക്കും
  • ഗതാഗതസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പരസ്പര സഹായം
  • വിദ്യാഭ്യാസ മേഖലയില്‍ സഹകരണം
  • നഗര വികസനം, സ്മാര്‍ട്സിറ്റി പദ്ധതികള്‍
  • ഐ.എസ്.ആര്‍.ഒയും റഷ്യന്‍ സ്പേസ് കോര്‍പറേഷനും തമ്മില്‍ ബഹിരാകാശ ഗവേഷണമേഖലയില്‍ പരസ്പര സഹകരണം.
  • സംയുക്ത കൃത്രിമോപഗ്രഹ വിക്ഷേപണത്തിനും ധാരണ.
Tags:    
News Summary - India singned 2 agreements with russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.