കോലാലംപൂർ: സിംഗപ്പൂരിൽ മയക്കുമരുന്നു കടത്ത് കേസിൽ പിടിയിലായ ഇന്ത്യൻ വംശജനെ തൂക്കിക്കൊന്നു. പ്രഭാകരൻ ശ്രീവിജയൻ എന്ന 29 കാരനെയാണ് തൂക്കിക്കൊന്നത്.
വെള്ളിയാഴ്ച പുലർച്ചെ സിംഗപ്പൂരിലെ ചാംഗി പ്രസൺ കോംപ്ളസിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സെൻട്രൽ നർക്കോട്ടിക് ബ്യൂറോ അറിയിച്ചു.
2014 ലാണ് ശ്രീവിജയനെ വധശിക്ഷക്ക് വിധിച്ചത്. സിംഗപ്പൂരിലേക്ക് 22.24 ഗ്രാം ഡയമോഫിൻ കടത്തിയ കേസിലാണ് വധശിക്ഷ. 2012ൽ പെനിൻസുലാർ മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കവെ വുഡ്ലാൻഡ്സ് ചെക്ക് പോസ്റ്റിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. ശ്രീവിജയൻ ഒാടിച്ചിരുന്ന വാഹനത്തിൽ നിന്ന് രണ്ടു പാക്കറ്റ് മയക്കുമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.
പ്രഭാകരൻ ശ്രീവിജയന് വധശിക്ഷ വിധിച്ചതിനെതിരെ ആംനെസ്റ്റി ഇന്തർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരുന്നു. കേസിൽ ശരിയായ വിചാരണ നടന്നില്ലെന്നും പ്രതിയുടെ ഭാഗം കേൾക്കാൻ കോടതി തയാറായില്ലെന്നും സംഘടനകൾ ആരോപിച്ചിരുന്നു.
സിംഗപ്പൂരിലെ മരുന്ന് ദുരുപയോഗം തടയുന്ന നിയമപ്രകാരം 15 ഗ്രാമോ അതിൽ കൂടുതലോ ഡയമോഫിൻ കടത്തിയാൽ അത് വധശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.