ബഗ്ദാദ്: ഇറാഖിലെ സർക്കാർവിരുദ്ധ പ്രക്ഷോഭം രക്തരുഷിതമായ സാഹചര്യത്തിൽ പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദി രാജി പ്രഖ്യാപിച്ചു. രാജിക്കത്ത് ഉടൻ പാർലമെൻറിന് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ രാജിപ്രഖ്യാപനത്തിൽ തഹ്രീർ ചത്വരത്തിൽ പ്രക്ഷോഭകർ ആഹ്ലാദപ്രകടനം നടത്തി. കഴിഞ്ഞദിവസം പ്രക്ഷോഭകർക്കുനേരെ സൈന്യം നടത്തിയ വെടിെവപ്പിൽ 44 പേർ കൊല്ലപ്പെട്ടിരുന്നു.
വെള്ളിയാഴ്ചയും സൈന്യത്തിെൻറ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. പിന്നാലെ ശിയ പുരോഹിതൻ ആയത്തുല്ല അലി അൽ സിസ്താനി പാർലമെൻറംഗങ്ങൾക്ക് പ്രധാനമന്ത്രിക്കു നൽകിയ പിന്തുണ പിൻവലിക്കാനും ഭരണമാറ്റത്തിനു ആവശ്യപ്പെട്ടു. തുടർന്നാണ് മഹ്ദി പാർലമെൻറിന് രാജിക്കത്ത് കൈമാറിയത്. ഒരു വർഷം മുമ്പാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്. മഹ്ദിയുടെ രാജിയെത്തുടർന്ന് പാർലമെൻറ് സമ്മേളിച്ച് ഉടൻ ബദൽ സർക്കാർ രൂപവത്കരിക്കാൻ ഇസ്ലാമിക് ദഅ്വ പാർട്ടി നിർദേശിച്ചു.
കഴിഞ്ഞ ദിവസം നജഫിലെ സൈനിക വെടിവെപ്പിൽ 11 പേരും കൊല്ലപ്പെട്ടിരുന്നു. ഇവിടെ ഇറാൻ കോൺസുലേറ്റ് പ്രതിഷേധക്കാർ ചുട്ടെരിച്ചതിനെ തുടർന്നായിരുന്നു വെടിവെപ്പ്. തീവെപ്പിനുമുമ്പുതന്നെ കോൺസുലേറ്റിലെ ഇറാനിയൻ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായ ഇറാഖിൽഅഴിമതി തടയാനും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾക്കുമായി ഒക്ടോബർ മുതൽ തുടങ്ങിയ പ്രക്ഷോഭത്തിൽ 400ലേറെ പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി രാജിവെക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ് ജനങ്ങളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.