ബൈറൂത്: ഇസ്രായേൽ-ഹിസ്ബുല്ല ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ യു.എസ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശത്തോട് ലബനാൻ സർക്കാറിന് അനുകൂല നിലപാടാണെന്ന് പാർലമെന്റ് സ്പീക്കർ നബീഹ് ബെറി. ഇക്കാര്യം യു.എസ് ഭരണകൂടത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിസ്ബുല്ലക്കുവേണ്ടി വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നത് ബെറിയാണ്. വെടിനിർത്തൽ നിർദേശം ചൊവ്വാഴ്ച യു.എസ് പ്രതിനിധി അമോസ് ഹോച്സ്റ്റീനുമായി അദ്ദേഹം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിനിർത്തലിലേക്കാണ് നയതന്ത്ര ശ്രമങ്ങൾ നീങ്ങുന്നതെന്നും എന്നാൽ മുന്നോട്ടുപോകണമെന്ന് തീരുമാനിക്കേണ്ടത് ഇസ്രായേലും ഹിസ്ബുല്ലയുമാണെന്നും യു.എസ് നയതന്ത്ര ഉദ്യോഗസ്ഥൻ അറിയിച്ചു.
അതേസമയം, ഇസ്രായേൽ അധിനിവേശം പരാജയപ്പെട്ടെന്നും സർക്കാറിനും രാജ്യത്തിനും വേണ്ടിയാണ് വെടിനിർത്തൽ ചർച്ചകൾക്ക് തയാറാകുന്നതെന്നുമാണ് ഹിസ്ബുല്ലയുടെ നിലപാടെന്ന് ബെറിയുമായി കൂടിക്കാഴ്ച നടത്തിയ ലബനാൻ തൊഴിൽ മന്ത്രി മുസ്തഫ ബെയ്റം പറഞ്ഞു. 2006ലെ ഇസ്രായേൽ-ഹിസ്ബുല്ല യുദ്ധത്തിന് ശേഷം സ്ഥാപിതമായ തെക്കൻ ലബനാനിലെ യു.എൻ ബഫർ സോൺ പുനഃസ്ഥാപിക്കുന്നതിനാണ് ശ്രമങ്ങൾ നടക്കുന്നതെന്നാണ് സൂചന.
ഗസ്സ സിറ്റി: വംശഹത്യ തുടരുന്ന ഇസ്രായേൽ സൈന്യത്തിന്റെ ബോംബിങ്ങിൽ രണ്ട് കുട്ടികളടക്കം എട്ടുപേർ കൂടി കൊല്ലപ്പെട്ടു. ഏഴും ഒമ്പതും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. പത്ത് വയസ്സുകാരന് പരിക്കേൽക്കുകയും ചെയ്തു. ഖാൻ യൂനിസിലെ അഭയാർഥികൾ താമസിക്കുന്ന ടെന്റിൽ രാത്രി ബോംബിടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ബോംബിട്ടതിനെ തുടർന്ന് ഒരു കുട്ടിയും മാതാവുമുൾപ്പെടെ നാലുപേർക്കും ജീവൻ നഷ്ടപ്പെട്ടതായി അൽ അഖ്സ ആശുപത്രി അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ തുടങ്ങിയ ഇസ്രായേൽ കൂട്ടക്കൊലയിൽ 43,922 ഫലസ്തീനികളുടെ ജീവൻ പൊലിഞ്ഞതായാണ് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.