ജറൂസലം: ഖാൻ അൽ അഹ്മർ എന്ന ഫലസ്തീനി ഗ്രാമം പൊളിച്ചുമാറ്റുന്ന നടപടി ഇസ്രായേൽ താൽകാലികമായി മരവിപ്പിച്ചു. യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് നുഷിനുമായി നടന്ന കൂടിക്കാഴ്ചക്കു ശേഷമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തീരുമാനം അറിയിച്ചത്. കിഴക്കൻ ജറൂസലമിലെ വടക്കുകിഴക്കൻ ഭാഗത്താണ് ഖാൻ അൽ അഹ്മർ ഗ്രാമം.
മാസങ്ങളായി ഗ്രാമം പൊളിച്ചുമാറ്റൽ ഭീഷണിയിലായിരുന്നു. കോടതിയുത്തരവനുസരിച്ച് ഗ്രാമം പൊളിച്ചുമാറ്റാൻ എല്ലാ സജ്ജീകരണങ്ങളും തുടങ്ങിയതിനു ശേഷമാണ് നെതന്യാഹുവിെൻറ പിൻമാറ്റം. ഗ്രാമം പൊളിക്കുക എന്നത് തീരുമാനമാണ്. അത് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുകയല്ല. ചില ആശങ്കകൾ കണക്കിലെടുത്ത് താൽക്കാലികമായി നീട്ടിവെക്കുന്നുവെന്ന് മാത്രം -നെതന്യാഹു പറഞ്ഞു. ഇവിടെ അനധികൃതമായാണ് ആളുകൾ താമസിക്കുന്നതെന്നാണ് ഇസ്രായേൽ വാദം. പൊളിച്ചുമാറ്റരുതെന്ന ്യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, പദ്ധതി താൽകാലികമായി നീട്ടിയ തീരുമാനത്തിനെതിരെ ഇസ്രായേൽ പ്രതിരോധ മന്ത്രി അവിഗ്ദോർ ലീബർമാൻ രംഗത്തുവന്നു. അന്താരാഷ്ട്ര സമ്മർദങ്ങൾക്കിടയിലും കോടതിവിധി ഉയർത്തിപ്പിടിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി നഫ്താലി ബെന്നറ്റും ആവശ്യപ്പെട്ടു. നെതന്യാഹുവിെൻറ പ്രഖ്യാപനത്തോടെ ഇവിടെനിന്ന് ഒഴിപ്പിക്കലും നിർത്തിവെച്ചു. 200ഒാളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ഗ്രാമം പൊളിച്ചുമാറ്റുന്നതിെൻറ ഭാഗമായി ഇവിടെനിന്ന് ആളുകളെ ബലമായി ഒഴിപ്പിക്കുന്ന നടപടിക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ രംഗത്തുവന്നിരുന്നു. ഗ്രാമം പൊളിച്ചുമാറ്റുന്നതിനെതിരെ 100 ദിവസത്തിലേറെയായി പ്രതിഷേധ സമരം നടത്തിവരുകയാണ് ഫലസ്തീനികൾ.
കഴിഞ്ഞാഴ്ച ബുൾഡോസറുകളടക്കമുള്ള സജ്ജീകരണങ്ങളുമായി ഇസ്രായേൽ സൈന്യം ഇവിടേക്ക് പ്രവേശിക്കുകയും ബലമായി ആളുകളെ ഒഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ചെറുത്തുനിന്ന നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗ്രാമം പൊളിച്ചുമാറ്റുന്നതിനെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധമുയർന്നിരുന്നു.
ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, സ്വീഡൻ, ബെൽജിയം, ജർമനി, പോളണ്ട് എന്നീ രാജ്യങ്ങളാണ് രംഗത്തുവന്നത്. ഇസ്രായേൽ-ഫലസ്തീൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാര ഫോർമുലക്ക് തുരങ്കം വെക്കാനുള്ള നെതന്യാഹു സർക്കാറിെൻറ നീക്കമാണിതെന്നും അവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.