കിം ജോങ് നാമിന്‍െറ കൊല; മലേഷ്യ–ഉത്തര കൊറിയ തര്‍ക്കം രൂക്ഷമാകുന്നു

ക്വലാലംപുര്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍െറ അര്‍ധ സഹോദരന്‍ കിം ജോങ് നാം മലേഷ്യയില്‍ കൊലപ്പെട്ട സംഭവം ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധത്തെ ബാധിക്കുന്നു. കൊലപാതകക്കേസ് അന്വേഷണം രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് നീങ്ങുന്നതെന്ന ഉത്തര കൊറിയന്‍ അംബാസഡറുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് അംബാസഡറെ മലേഷ്യ വിളിച്ചുവരുത്തി വിശദീകരണം തേടി. അതിനിടെ, ഉത്തര കൊറിയയിലെ തങ്ങളുടെ പ്രതിനിധിയെ മലേഷ്യ തിരിച്ചുവിളിച്ചിട്ടുമുണ്ട്. നേരത്തെ നാമിന്‍െറ മൃതദേഹം കൈമാറണമെന്ന ആവശ്യം ക്വാലാലംപുര്‍ പൊലീസ് തള്ളിയിരുന്നു. കൊലപാതകക്കേസില്‍ ഉത്തര കൊറിയന്‍ പൗരന്മാര്‍ക്ക് ബന്ധമുള്ളതായ കണ്ടത്തെലിനെ തുടര്‍ന്നാണ് അന്വേഷണം തങ്ങളുടെ ശത്രുക്കളുടെ ഗൂഢാലോചനയാണെന്ന വാദമുയര്‍ത്തിയത്.

അന്വേഷണം ഒരുമിച്ചു നടത്താമെന്ന നിലപാടിലാണിവര്‍. എന്നാല്‍, ഇത് അംഗീകരിക്കാന്‍ മലേഷ്യന്‍ പൊലീസ് തയാറായിട്ടില്ല. കൊറിയന്‍ അംബാസഡറെ വിളിച്ചുവരുത്തി കൊലപാതകം തങ്ങളുടെ മണ്ണില്‍ നടന്നതിനാല്‍ അന്വേഷണം മലേഷ്യന്‍ സര്‍ക്കാര്‍തന്നെ കൈകാര്യം ചെയ്യുമെന്നാണ് അറിയിച്ചത്.

കൊലപാതകത്തിന് പിന്നില്‍ കിം ജോങ് ഉന്നാണെന്ന തരത്തില്‍ ദക്ഷിണ കൊറിയ നേരത്തെ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഈ പ്രസ്താവനയാണ് ശത്രുരാജ്യമായ ഉത്തര കൊറിയയെ അന്വേഷണത്തിനെതിരെ രംഗത്തുവരാന്‍ പ്രേരിപ്പിച്ചത്. മലേഷ്യന്‍ പൊലീസിന്‍െറ അന്വേഷണം വിശ്വാസമില്ളെന്നുള്ള പ്രസ്താവനയാണ് നയതന്ത്ര ബന്ധത്തെ വഷളാക്കുന്നതിലേക്ക് നയിച്ചത്.

അതിനിടെ, കിം ജോങ് നാമിനെ വിമാനത്താവളത്തില്‍ വിഷം സ്പ്രേ ചെയ്യുന്നതിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിനരികെ നില്‍കുന്ന ഇദ്ദേഹത്തിന് സമീപം രണ്ട് സ്ത്രീകള്‍ വരുന്നതും ഒരാള്‍ പിറകില്‍നിന്ന് സ്പ്രേ ചെയ്യുന്നതുമാണ് ചിത്രത്തില്‍ കാണുന്നത്. ശേഷം രണ്ട് സ്ത്രീകളും വ്യത്യസ്ത ഭാഗങ്ങളിലേക്ക് മടങ്ങുന്നതും ചിത്രത്തിലുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്വാലാലംപുര്‍ വിമാനത്താവളത്തില്‍ നാം കൊല്ലപ്പെട്ടത്. കേസില്‍ മലേഷ്യന്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിയറ്റ്നാംകാരിയും ഇന്തോനേഷ്യക്കാരിയും ആദ്യം അറസ്റ്റിലായി. പിന്നീട് ഉത്തരകൊറിയക്കാരനും മലേഷ്യക്കാരനും പിടിയിലായി. ചുരുങ്ങിയത് മൂന്ന് ഉത്തര കൊറിയക്കാരെയെങ്കിലും പൊലീസ് ഇപ്പോള്‍ തിരയുന്നുമുണ്ട്.

Tags:    
News Summary - kim jong nam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.