നയതന്ത്ര യുദ്ധം മുറുകുന്നു; ഉ. കൊറിയയില്‍ മലേഷ്യന്‍ പൗരന്മാര്‍ രാജ്യം വിടുന്നതിന് വിലക്ക്

പ്യോങ്യാങ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍െറ അര്‍ധസഹോദരന്‍ കിം ജോങ് നാം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര കൊറിയയും മലേഷ്യയും തമ്മില്‍ ഉടലെടുത്ത തര്‍ക്കം നയതന്ത്ര യുദ്ധത്തിലേക്ക് നീങ്ങുന്നു. പൗരന്മാരെ ബന്ദികളാക്കിയാണ് ഇരുരാജ്യങ്ങളും പോര് തീര്‍ക്കുന്നത്. ഉത്തര കൊറിയയാണ് മലേഷ്യന്‍ പൗരന്മാര്‍ക്ക് രാജ്യംവിടുന്നതിന് വിലക്കുമായി ആദ്യം രംഗത്തുവന്നത്.  

കിം ജോങ് നാമിന്‍െറ വധത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാതെ മലേഷ്യന്‍ പൗരന്മാര്‍ രാജ്യംവിട്ടു പോകുന്നതു വിലക്കുന്നതായി ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കൊറിയ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. ഇതിനു മറുപടിയായി ഉത്തര കൊറിയയുടെ എംബസി ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരും രാജ്യം വിടുന്നത് മലേഷ്യയും വിലക്കി.

കിം ജോങ് നാമിന്‍െറ കൊലയാളികള്‍ മലേഷ്യയിലെ ഉത്തര കൊറിയന്‍ എംബസിയില്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടര്‍ന്നാണു നടപടിയെന്നും മലേഷ്യ അറിയിച്ചു. ഉത്തര കൊറിയയില്‍ താമസിക്കുന്ന മലേഷ്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ ഉത്തര കൊറിയന്‍ പൗരന്മാരെ പുറത്തുവിടില്ളെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി പൗരന്മാരെ ബന്ദിയാക്കിവെച്ചതില്‍ അങ്ങേയറ്റം പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് നജീബ് റസാഖ് അടിയന്തര സുരക്ഷയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞമാസം ക്വാലാലംപുര്‍ വിമാനത്താവളത്തില്‍വെച്ച് നാം കൊല്ലപ്പെട്ട സംഭവത്തില്‍ മലേഷ്യന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കേസിനോടനുബന്ധിച്ച് ഏഴ് ഉത്തര കൊറിയന്‍ പൗരന്മാരെ പൊലീസ് ചോദ്യംചെയ്യുകയും ചെയ്തു. ഇത് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിരുന്നു.

നാമിന്‍െറ വധം ആസൂത്രണം ചെയ്തുവെന്നു സംശയിക്കുന്ന രണ്ട് ഉത്തര കൊറിയന്‍ പൗരന്മാര്‍ മലേഷ്യയിലെ ഉത്തര കൊറിയയുടെ എംബസിയില്‍ ഒളിച്ചുതാമസിക്കുന്നതായി മലേഷ്യന്‍ പൊലീസും സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം  ഉത്തര കൊറിയന്‍ സ്ഥാനപതി കാങ് ചോലിനെ മലേഷ്യ പുറത്താക്കിയിരുന്നു. കാങ് ചോല്‍ അന്വേഷണം തടസ്സപ്പെടുത്താനും നാമിന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് തടയാനും ശ്രമിച്ചതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണിത്. കിം ജോങ് ഉന്നാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം. മാരക വിഷബാധയേറ്റാണ് നാമിന്‍െറ മരണമെന്ന് സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - kim jong nam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.