വാഷിങ്ടൺ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചക്ക് തയാറാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രണ്ട് ദിവസങ്ങളിലായി ഏഷ്യൻ പര്യടനത്തിൽ ഏർപ്പെട്ടിരിക്കുന്ന ട്രംപിനോട് ഒരു വാർത്താ അവതാരകയാണ് കൂടിക്കാഴ്ചക്ക് തയാറാണോ എന്ന ചോദ്യം ഉന്നയിച്ചത്. മാസങ്ങളായി ഉന്നും ട്രംപും തമ്മിൽ വാക്പോര് നടക്കുന്നതിനിടെയായിരുന്നു മാധ്യമപ്രവർത്തകയായ ശരീൽ അറ്റ്കിസന്‍റെ ചോദ്യം.
പര്യനത്തിനിടെ പല ഏഷ്യൻ നേതാക്കളുമായും താൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ആരുമായും സംസാരിക്കാൻ താൻ ഒരുക്കമാണ്. അതൊരു ശക്തിയായോ ബലഹീനതയായോ താൻ കരുതുന്നില്ല. വ്യക്തികളുമായി ഒരുമിച്ചിരിക്കുന്നതും ആശയങ്ങൾ പങ്കു വെക്കുന്നതും ഒരു മോശം കാര്യമായി കാണുന്നില്ല- ട്രംപ് വ്യക്തമാക്കി.
എന്നാൽ, അത്തരത്തിലൊരു കൂടിക്കാഴ്ച നടക്കുകയാണെങ്കിൽ അത് വളരെ നേരത്തേയായി പോകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണങ്ങളുടെ പേരിൽ കിം ജോങ് ഉന്നും ട്രംപും തമ്മിൽ അതിരൂക്ഷമായ വാക്പോരാണ് നടന്നുകൊണ്ടിരിക്കുന്നത്. വട്ടനെന്നും സ്ഥിരബുദ്ധിയില്ലാത്ത വൃദ്ധനെന്നുമാണ് ഉൻ ട്രംപിനെ അധിക്ഷേപിച്ചത്. ലിറ്റിൻ റോക്കറ്റ് മാനെന്നും മറ്റും വിളിച്ച് ട്രംപും ഉന്നിനെ കണക്കിന് പരിഹസിച്ചിട്ടുണ്ട്. വാക്കുകൾ കൊണ്ടുള്ള ഈ യുദ്ധം അമേരിക്കയുടെ സഖ്യക്ഷികളായ ജപ്പാനെയും ദക്ഷിണ കൊറിയയേയും ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.
ട്രം പ് ഇന്നും നാളെയുമായി ജപ്പാൻ പ്രസിഡന്‍റ് ഷിൻസൊ ആബെ, ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ-ഇൻ എന്നിവരെ ട്രംപ് സന്ദർശിക്കും. പിന്നീട് ചൈന, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും ട്രംപ് സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.