സോൾ: ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയവിനിമയ മാർഗങ്ങളും അവസാനിപ്പിക്കുകയാണെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. രണ്ടു കൊറിയകളും തമ്മിലുള്ള സാമ്പത്തിക പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ ദക്ഷിണ കൊറിയക്ക് സാധിക്കാതിരുന്നതും അവർ ഉപരോധങ്ങളിൽ ഇളവുവരുത്താൻ യു.എസിനെ പ്രേരിപ്പിക്കാതിരുന്നതുമാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചെതന്ന് കരുതുന്നു.
അതിർത്തിക്കപ്പുറത്തേക്കുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും റദ്ദാക്കുന്നതായി ഉത്തര കൊറിയയുടെ വാർത്ത ഏജൻസി അറിയിച്ചു. അനാവശ്യ കാര്യങ്ങൾ അവസാനിപ്പിക്കുന്നതിെൻറ ഭാഗമാണ് നടപടിയെന്ന് വാർത്തക്കുറിപ്പിൽ പറയുന്നു. പ്രഖ്യാപനം വന്നശേഷം ദക്ഷിണ കൊറിയ ഉത്തര കൊറിയൻ അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സമാന നടപടി മുമ്പും ഉത്തര കൊറിയ സ്വീകരിച്ചിട്ടുണ്ട്. പിന്നീട് ബന്ധം മെച്ചപ്പെടുന്ന മുറക്ക് ആശയവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാറാണ് പതിവ്.
ആക്ടിവിസ്റ്റുകൾ അതിർത്തിയിൽനിന്ന് ഉത്തര കൊറിയ വിരുദ്ധ പോസ്റ്ററുകൾ വിതരണം ചെയ്തെന്നും ഇത് തടയാൻ ദക്ഷിണ കൊറിയക്കായില്ലെന്നും ഉത്തര കൊറിയ ആരോപിച്ചു. ആക്ടിവിസ്റ്റുകളും ഉത്തര കൊറിയയിൽനിന്ന് രക്ഷപ്പെട്ട് മറുപക്ഷത്ത് അഭയം തേടിയവരും അതിർത്തിയിൽ വലിയ ബലൂണുകൾ വഴി കിം ജോങ് ഉൻ വിരുദ്ധ ലഘുലേഖകൾ ഉത്തര കൊറിയയിലേക്ക് പറത്തിവിടുന്ന പതിവുണ്ട്. നേതൃത്വത്തെ വിമർശിക്കുന്നത് ഒട്ടും സഹിഷ്ണുതയോടെ കാണുന്ന രീതി ഉത്തര കൊറിയക്കില്ല. അതിനാൽ, ആക്ടിവിസ്റ്റുകളുടെ ഈ നടപടിയെ അവർ രൂക്ഷമായി വിമർശിക്കാറുണ്ട്. അതിനിടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഹോട്ലൈൻ ബന്ധം അവസാനിപ്പിക്കരുതെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.