സോൾ: സംഘർഷം അവസാനിപ്പിച്ച് സമാധാനത്തിെൻറ വഴിതേടുന്ന ദക്ഷിണ, ഉത്തര കൊറിയൻ നേതാക്കളുടെ ഉച്ചകോടി സെപ്റ്റംബറിൽ. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലാകും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും സംഗമിക്കുക. കഴിഞ്ഞ ഏപ്രിലിൽ ഇരു നേതാക്കളും അതിർത്തി പ്രദേശമായ പാൻമുൻജോമിൽ പരസ്പരം കണ്ട് അയൽപക്ക സൗഹൃദത്തിൽ പുതിയ ചരിത്രം കുറിച്ചിരുന്നു. ഇതിെൻറ തുടർച്ചയായാണ് ദക്ഷിണ കൊറിയൻ നേതാവ് അയൽരാജ്യത്തെത്തുന്നത്. കഴിഞ്ഞ മേയിലും ഇരു നേതാക്കളും തമ്മിൽ കണ്ടിരുന്നു.
ഉച്ചകോടിയുടെ സംഭാഷണ വിഷയങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ സംയുക്ത സംരംഭങ്ങൾക്കാകും മുൻഗണനയെന്ന് റിപ്പോർട്ടുണ്ട്. ചരിത്രപരമായ സമാധാന പ്രഖ്യാപനവും ഉച്ചകോടിയിൽ ഉണ്ടായേക്കും. അയൽരാജ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ച് റെയിൽവേ പദ്ധതിയും ആലോചനയിലുണ്ട്.
സമാന്തരമായി ഉത്തര കൊറിയയും യു.എസും സൗഹൃദത്തിലേക്ക് ചുവടുവെച്ചിരുന്നുവെങ്കിലും ട്രംപിെൻറ മാറിമറിയുന്ന നിലപാടുകൾ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ ജൂണിൽ സിംഗപ്പൂരിൽ കിം ജോങ് ഉന്നും ട്രംപും ഉച്ചകോടി നടത്തിയതിനു പിന്നാലെ ഉത്തര കൊറിയക്കെതിരെ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തര കൊറിയ അടിയന്തരമായി ആണവ നിരായുധീകരണം നടപ്പാക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. അവർ 30-60 ആണവായുധങ്ങൾ കൈവശം വെക്കുന്നുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.
ഉച്ചകോടിയുടെ തീയതി തീരുമാനമായിട്ടുണ്ടെന്ന് യോഗം വിശദീകരിച്ച നേതാക്കൾ അറിയിച്ചുവെങ്കിലും പുറത്തുവിട്ടിട്ടില്ല. ഇരു കൊറിയകളും ചേർന്ന് അമേരിക്കൻ പ്രസിഡൻറിെൻറ സാന്നിധ്യത്തിൽ പരസ്പരം യുദ്ധവിരാമ പ്രഖ്യാപനം നടത്താൻ നേരത്തെ തീരുമാനമായിരുന്നു. എന്നാൽ, ആണവായുധങ്ങൾ സമ്പൂർണമായി ഉപേക്ഷിക്കാതെ അത്തരം പ്രഖ്യാപനത്തിനില്ലെന്നാണ് യു.എസ് പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.