ഇസ്ലാമാബാദ്: കുൽഭൂഷൺ യാദവിന് കോൺസുലർ സഹായം നൽകില്ലെന്ന് പാകിസ്താൻ വ്യക്തമാക്കി. രാജ്യാന്തര കോടതി അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്ന് പ്രധാനമന്ത്രി നവാസ്ശരീഫിൻെറ വിദേശകാര്യ ഉപദേശകൻ സർതാജ് അസീസ് വ്യക്തമാക്കി. രാജ്യാന്തര കോടതിയുടെ ഇടപെടൽ തങ്ങളുടെ നിയമനടപടികളെ തടസ്സപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര കോടതിയിൽ പാകിസ്താൻ പരാജപ്പെട്ടതായി തെറ്റിദ്ധരിപ്പിക്കുകയാണ്. കുൽഭൂഷൺ യാദവിനെ വധശിക്ഷക്ക് താൽക്കാലിക സ്റ്റേ മാത്രമാണ് കോടതി വിധിച്ചത്. യാദവിന് കോൺസുലേറ്റ് സഹായം എന്ന കാര്യം കോടതി വിധിച്ചിട്ടില്ലെന്നും സർതാജ് അസീസ് ഇസ്ലാമാബാദിൽ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തവണ വാദത്തിനെത്തുമ്പോൾ പാകിസ്താൻ നിയമപോരാട്ടത്തിന് ശക്തമായ നിരയെ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാദവ് ഇന്ത്യയുടെ ചാരനാണെന്നും ഇക്കാര്യം അയാൾ തന്നെ കുറ്റസമ്മതം നടത്തിയതാണെന്നും അദ്ദേഹം ആവർത്തിച്ചു. നേരത്തേ രാജ്യാന്തര കോടതിയിൽ ഹാജരാകുന്നതിന് പാക് നിയമസംഘത്തിന് അഞ്ച് ദിവസം മാത്രമാണ് സമയം ലഭിച്ചതെന്നും സർതാജ് അസീസ് വ്യക്തമാക്കി. കുൽഭൂഷൺ കേസിൽ രാജ്യത്തിന്റെ ആഭ്യന്തര നിയമങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും നടപടിയെടുക്കുകയെന്ന് പാക് ആഭ്യന്തരമന്ത്രി ചൗദരി നിസാർ അലി ഖാൻ ഇന്ന് വ്യക്തമാക്കിയിരുന്നു.ദേശീയ സുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്ന വാദം ഉന്നയിച്ച് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം നേരത്തേ രംഗത്തെത്തിയിരുന്നു.
ചാരനെന്ന് ആരോപിച്ച് പാകിസ്താൻ തടവിലായ ഇന്ത്യൻ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. കേസിൽ അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാകിസ്താനോട് കോടതി ആവശ്യപ്പെട്ടിരുന്നു. റോണി ഏബ്രഹാമിെൻറ അധ്യക്ഷതയിലുള്ള 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യയുടെയും കുൽഭൂഷൺ ജാദവിെൻറയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ അന്താരാഷ്ട്ര കോടതി ജാദവിെൻറ വധശിക്ഷ സ്റ്റേ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.