തീരുമാനം ഹൃദയഭേദകം –മലാല

ലണ്ടന്‍: മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും തടയാനുള്ള യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ തീരുമാനം ഹൃദയഭേദകമെന്ന് നൊബേല്‍ ജേതാവും പാക് വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസുഫ് സായി. യുദ്ധഭൂമികളില്‍നിന്ന് പലായനം ചെയ്യുന്ന കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും മുന്നില്‍ വാതില്‍ കൊട്ടിയടക്കുമെന്ന ട്രംപിന്‍െറ തീരുമാനം കേട്ടപ്പോള്‍ ഞെട്ടിപ്പോയി.

ലോകത്താകമാനം അനിശ്ചിതത്വവും  അശാന്തിയും നിറഞ്ഞുനില്‍ക്കുന്ന ഇക്കാലത്ത് അശരണര്‍ക്കു മുന്നില്‍ വാതിലടക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും മലാല പ്രസ്താവനയില്‍ പറഞ്ഞു. അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും സ്വീകരിച്ച പ്രൗഢചരിത്രമാണ് അമേരിക്കക്കുള്ളത്. അമേരിക്ക മികച്ചരീതിയില്‍ പടുത്തുയര്‍ത്തുന്നതിന് അവര്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. എത്രതന്നെ കഠിനാധ്വാനം ചെയ്തിട്ടായാലും പുതിയൊരു ജീവിതം സ്വപ്നംകണ്ടാണ് അവര്‍ അവിടെയത്തെുന്നത്.
 

എന്‍െറ സുഹൃത്ത് സൈനബിനെ പോലെ സോമാലിയ, യമന്‍, ഈജിപ്ത് തുടങ്ങിയ യുദ്ധഭൂമികളില്‍നിന്ന് പലായനം ചെയ്യേണ്ടി വന്ന  പെണ്‍കുട്ടികളുടെ ദുരിതങ്ങളില്‍ ഹൃദയം നുറുങ്ങുന്നു. 17 വയസ്സിനു മുമ്പാണ് അവള്‍ക്ക് പലായനം ചെയ്യേണ്ടിവന്നത്. രണ്ടുവര്‍ഷം മുമ്പ് സൈനബിന് യു.എസ് വിസ ലഭിച്ചു. അവള്‍ ഇംഗ്ളീഷ് പഠിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടി. ഇപ്പോള്‍ മനുഷ്യാവകാശ അഭിഭാഷകയാവാന്‍ പഠിക്കുന്നു. ഈജിപ്തുകാരിയാണ് സൈനബ്. സംഘര്‍ഷം തുടങ്ങിയപ്പോള്‍ അവള്‍ക്ക് ഇളയ സഹോദരിയെ പിരിയേണ്ടിവന്നു. അവളെ എന്നെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാണവള്‍ കഴിയുന്നത്.

ആറു വര്‍ഷമായി യുദ്ധം തുടരുന്ന സിറിയയിലെ കുഞ്ഞുങ്ങള്‍ ദുരിതം പേറുകയാണ്. ആ വിധി അവര്‍ സ്വയം വരുത്തിവെച്ചതല്ളെന്നും മലാല ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന മലാല 2014ല്‍ കൈലാഷ് സത്യാര്‍ഥിയുമൊത്താണ് സമാധാന നൊബേല്‍ പങ്കിട്ടത്. നിലവില്‍ നൊബേല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ്.

Tags:    
News Summary - malala on new immigration law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.