മാലദ്വീപിൽ പ്രസിഡൻറ് അബ്ദുല്ല യമീൻ രാജിവെക്കണമെന്നും രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ റാലിയിൽ സംഘർഷം. രാജ്യത്ത് അടിയന്തരാവസ്ഥ പ്രാബല്യത്തിലിരിക്കെയാണ് ആയിരക്കണക്കിന് പ്രേക്ഷാഭകർ റാലി നടത്തിയത്. സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ആശുപത്രിയിലാക്കിയവരുടെ എണ്ണം വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ പാടില്ലെന്ന മുന്നറിയിപ്പിനിടെയാണ് പ്രതിപക്ഷം കൂട്ടമായെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഫെബ്രുവരി അഞ്ചിനാണ് 15 ദിവസത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ യമീൻ തയാറാകാതിരുന്നതോടെയാണ് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. കോടതിവിധിയെ വെല്ലുവിളിച്ച യമീൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും തടവിലാക്കുകയും ചെയ്തു.
അതിനിടെ, അറസ്റ്റിലായ ജഡ്ജിമാരുടെ സ്വത്തുവകകൾ സംബന്ധിച്ച അന്വേഷണത്തിന് യമീൻസർക്കാർ വിദേശസഹായം തേടിയിരിക്കയാണ്. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ പ്രതിപക്ഷ സഖ്യം യു.എൻ സഹായം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.