ഇസ്തംബൂൾ: ഭൂമിയിലൂടെ ഇഴയാനല്ല, നടക്കാനാണ് മുഹമ്മദ് അൽ മർഇ മകൾ മായ മർഇയെ പരിശീലിപ്പിച്ചത്. ആരുടെയും സഹായമില്ലാതെ അവൾ നടക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. തന്നെപ്പോലെ ജന്മനാ കാൽമുട്ടുകളില്ലാത്ത ആ എട്ടുവയസ്സുകാരി അദ്ദേഹത്തിെൻറ തീരാവേദനയായിരുന്നു. അതിനാൽ പ്ലാസ്റ്റിക് ട്യൂബും തകരപ്പാത്രവും ഉപയോഗിച്ച് പിതാവ് മകൾക്ക് ചെലവുകുറഞ്ഞ കൃത്രിമക്കാലുകൾ നിർമിച്ചുകൊടുത്തു. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ അഭയാർഥി ക്യാമ്പിലൂടെ കാലി ടിന്നുകളുപയോഗിച്ച് നടക്കുന്നത് ശ്രദ്ധയിൽപെട്ട എ.എഫ്.പി ഫോേട്ടാഗ്രാഫർ ദൃശ്യം പകർത്തിയതോടെയാണ് അവളുടെ വേദന ലോകമറിഞ്ഞത്. ഇ ൗചിത്രം ശ്രദ്ധയിൽപെട്ടതോടെ തുർക്കിയിലെ റെഡ് ക്രസൻറ് സൊസൈറ്റി സഹായവുമായെത്തുകയായിരുന്നു. ഉടൻതന്നെ വിദഗ്ധ ചികിത്സക്കായി അവളെയും പിതാവിനെയും ഇസ്തംബൂളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ആ തകര ടിന്നുകളെ മായക്ക് ഇനി മറക്കാം. ഇഷ്ടംപോലെ നടക്കാൻ കഴിയുന്ന രീതിയിലുള്ള പുത്തൻ കൃത്രിമക്കാലുകൾ ഇസ്തംബൂളിലെ ക്ലിനിക്കിൽ തയാറായി. അവെള അതുപയോഗിച്ച് നടക്കാൻ പരിശീലിപ്പിക്കുകയാണ് ഡോക്ടർ മുഹമ്മദ് സെക് കുല്കു.
തകര ടിന്നുകൾക്കുപകരം കൃത്രിമക്കാലുകൾ ഘടിപ്പിച്ചപ്പോൾ വേദനിച്ചിട്ടാകണം അവൾ ചെറുതായി കരഞ്ഞു. പിന്നീട് തന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകർക്കൊപ്പം കരച്ചിൽ മറന്ന് അവൾ പോസ് ചെയ്തു. അവൾ മൂന്നു മാസത്തിനുള്ളിൽ നടക്കുമെന്ന് ഡോക്ടർ ഉറപ്പുനൽകി. ‘‘അവൾ ഇപ്പോൾ ചിരിക്കുന്നുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. നടക്കാൻ പഠിച്ചുകൊണ്ടിരിക്കയാണ്’’-മായയുടെ മുഖത്തുനോക്കി ഡോക്ടർ പറഞ്ഞു. മകൾക്ക് സ്വന്തം നിലക്ക് കൃത്രിമക്കാലുകൾ നിർമിച്ചുകൊടുത്ത പിതാവിനെ അദ്ദേഹം പ്രശംസിച്ചു. മറ്റു മക്കളെ മാതാവിനെ ഏൽപിച്ചാണ് മുഹമ്മദ് മായക്കൊപ്പം ഇസ്തംബൂളിലെത്തിയത്. പിങ്ക് നിറത്തിലുള്ള ഷൂ ധരിച്ച വലിയ കാലുകൾ കണ്ടപ്പോൾ ആദ്യം പാകമാകുമോ എന്നവൾ ശങ്കിച്ചു. ഡോക്ടർ നിർബന്ധിച്ച് അണിയിച്ചതോടെ ആശങ്ക പമ്പകടന്നു.
പിതാവ് നിർമിച്ചുകൊടുത്ത കൃത്രിമക്കാലുകളാണ് അവളെ ചൂടില്‍നിന്നും പൊടിയില്‍ നിന്നുമെല്ലാം ഇതുവരെ സംരക്ഷിച്ചുപോന്നത്. ആ കാലുകള്‍ ഉപയോഗിച്ച് എത്ര ബുദ്ധിമുട്ടിയായിരുന്നെങ്കിലും മായ ക്യാമ്പിലെ സ്കൂളിൽ പോകുമായിരുന്നു. മാതാപിതാക്കൾക്കും അഞ്ചു സഹോദരങ്ങൾക്കുമൊപ്പമാണ് അവൾ അഭയാർഥി ക്യാമ്പിൽ കഴിഞ്ഞത്. അലപ്പോയിൽനിന്ന് ഇദ്ലിബിലെത്തിയതാണ് ആ കുടുംബം.
‘‘ ഞങ്ങൾ ഒരുപാട് വെല്ലുവിളികൾ തരണംചെയ്താണ് ഇവിടംവരെ എത്തിയത്. പ്രത്യേകിച്ച് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ടെൻറ് കെട്ടിയുള്ള താമസത്തിനിടെ അവൾക്ക് നടക്കാൻ കഴിയില്ല. അതിനാലാണ് ചൂടിൽ നിന്നും പൊടിയിൽ നിന്നും അവളെ സംരക്ഷിക്കാൻ തകര ടിന്നുകളിൽ പഴന്തുണിയും പേപ്പറും നിറച്ച് കൃത്രിമക്കാൽ ഉണ്ടാക്കിക്കൊടുത്തത്’’- പിതാവ് മുഹമ്മദ് അൽ മർഇ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.