കൊളംബോ: മാലദ്വീപ് സന്ദർശനം പൂർത്തിയാക്കി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവ ളത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം പ്രസിഡൻറ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ രാജപക്സെ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തമിഴ് ദേശീയ സഖ്യം പ്രതിനിധികളും ഇന്ത്യൻ പ്രവാസികളും മോദിയെ കണ്ടു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ നടുക്കിയ ഭീകരാക്രമണം നടന്ന സെൻറ് ആൻറണീസ് ചർച്ചിൽ മോദി സന്ദർശനം നടത്തുകയും കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഏപ്രിലിൽ നടന്ന ഭീകരാക്രമണ ശേഷം ശ്രീലങ്കയിലെത്തുന്ന ആദ്യ വിദേശ നേതാവാണ് മോദി.
250ലേറെ പേർ കൊല്ലപ്പെട്ട ഈസ്റ്റർ ദിന ഭീകരാക്രമണത്തിൽ നടുങ്ങിയ ശ്രീലങ്കയോട് ഇന്ത്യക്കുള്ള ഐക്യദാർഢ്യമായിക്കൂടി സന്ദർശനം വിലയിരുത്തപ്പെടുന്നു. ‘ഇന്ത്യ, ശ്രീലങ്കയുടെ ഏത് ആവശ്യത്തിനും ഒപ്പമുള്ള സുഹൃത്താ’ണെന്ന് മോദി പിന്നീട് ട്വീറ്റ്ചെയ്തു. ശ്രീലങ്ക വീണ്ടും ഉയിർത്തെഴുനേൽക്കും. ലങ്കയുടെ ഉയിരിനെ തകർക്കാൻ ഭീകരതക്കാകില്ല. ഇന്ത്യ ശ്രീലങ്കൻ ജനതക്കൊപ്പം നിലകൊള്ളും -മോദി കൂട്ടിച്ചേർത്തു. കൊളംബോയിലെ ഇന്ത്യ ഹൗസിലാണ് മോദി ഇന്ത്യൻ പ്രവാസികളെ കണ്ടത്. ലോക ഭൂപടത്തിൽ ഇന്ത്യ ശക്തിപ്രാപിച്ചുവരുകയാണെന്നും അതിൽ ഇന്ത്യൻ പ്രവാസികൾക്ക് വലിയ പങ്കുണ്ടെന്നും മോദി പറഞ്ഞു.
ഭീകരത ഇന്ത്യയും ശ്രീലങ്കയും നേരിടുന്ന ഭീഷണിയാണെന്നും അതിനെതിരെ സംയുക്ത നീക്കം വേണമെന്നും മോദിയും സിരിസേനയും അഭിപ്രായപ്പെട്ടു. സുരക്ഷിതമായ ഭാവിക്കായി ശ്രീലങ്കയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മോദി അറിയിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ജനകേന്ദ്രീകൃത പദ്ധതികൾക്കായി സഹകരിക്കാനുമുള്ള ഇന്ത്യയുടെ സന്നദ്ധത മോദി റനിൽ വിക്രമസിംഗയെ അറിയിച്ചു.
പ്രസിഡൻറിെൻറ വസതിയിൽ നൽകിയ സ്വീകരണശേഷം മോദി പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റ് വളപ്പിൽ അശോക വൃക്ഷെത്തെ നട്ടു. മൈത്രിപാല സിരിസേന മോദിക്ക് വെള്ള തേക്കിൽ തീർത്ത ധ്യാനമുദ്രയിലുള്ള സമാധി ബുദ്ധ പ്രതിമ സമ്മാനിക്കുകയും ചെയ്തു. രണ്ടു രാഷ്ട്രങ്ങളിലെ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.