ഗസ്സയിലെ 'സുരക്ഷിത മേഖല'യിൽ ആക്രമണം രൂക്ഷമാക്കി ഇസ്രായേൽ; 50 പേർ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: തെക്കൻ ​ഗസ്സയിലെ 'സുരക്ഷിത മേഖല'യായി നിർദേശിച്ച സ്ഥലങ്ങളിലും ആക്രമണം രൂക്ഷമാക്കി ഇസ്രായേൽ. അൽ മവാസിയയിൽ നടത്തിയ ആക്രമണത്തിൽ ടെന്റുകൾക്ക് തീപിടിച്ചതിനെ തുടർന്ന് ഏഴ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതോടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി ഉയർന്നു.

ഇസ്രായേൽ സൈന്യം 'സുരക്ഷിത മേഖല' എന്ന് വിശേഷിപ്പിച്ച പ്രദേശമാണ് അൽ മവാസിയ. ആയിരക്കണക്കിന് ഫലസ്തീനികളെ ഇവിടേക്ക് അഭയം തേടാൻ അവർ നിർബന്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ, 'സുരക്ഷിത മേഖല' എന്ന് വിശേഷിപ്പിച്ച ഇടങ്ങളിലും അതിക്രൂരമായ ആക്രമണം തുടരുകയാണ് ഇസ്രായേൽ.

ആക്രമണങ്ങളെ അപലപിച്ച് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ തലവൻ ഫിലിപ്പ് ലസാരിനി രംഗത്ത് വന്നു. 'കഴിഞ്ഞ 24 മണിക്കൂറിനിടെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തുന്നത്. സാധാരണക്കാരാണ് കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നവരിൽ ഏറെയും'- ഫിലിപ്പ് ലസാരിനി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. 'സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇവിടെ സാധാരണമായി മാറിക്കഴിഞ്ഞു. ഇത് ലോകം കണ്ടില്ലെന്ന് നടിക്കരുത്. എല്ലാ യുദ്ധങ്ങൾക്കും നിയമങ്ങളുണ്ട്. ഇവിടെ ആ നിയമങ്ങളെല്ലാം ലംഘിച്ചു' -അദ്ദേഹം പറഞ്ഞു.

ലെബനാനിലെ കാഫിർ കില പട്ടണത്തിലും ഇസ്രായേൽ സൈന്യം വലിയ ആക്രമണം ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം കഴിഞ്ഞ മാസം ഇസ്രായേൽ സമ്മതിച്ച വെടിനിർത്തൽ ലംഘിച്ചതായും റിപ്പോർട്ടുകളുണ്ട്. 2023 ഒക്‌ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ 45,259 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഹമാസിന്‍റെ ആക്രമണത്തിൽ ഇസ്രായേലിൽ കുറഞ്ഞത് 1,139 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Israel attacks hospitals, school and safe-zone in Gaza killing 50

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.