യാംഗോന്‍: മ്യാന്മറില്‍ സൈനികര്‍ക്കുനേരെ ആക്രമണം നടത്തിയവരെ കണ്ടത്തൊനെന്ന പേരില്‍ പശ്ചിമ രഖൈനില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരായ സൈനിക നടപടി കനക്കുന്നു. സംഘര്‍ഷത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും, നിരവധിയാളുകള്‍ അറസ്റ്റിലാവുകയും ചെയ്തു. റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ വ്യാപകമായി തീവെച്ച് നശിപ്പിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സൈനിക നടപടി നടക്കുന്ന ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാന്‍ മാധ്യമപ്രവര്‍ത്തകരെയും മറ്റും അനുവദിക്കാത്തത് സൈനിക നടപടിയില്‍ കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര മര്യാദകള്‍ കാറ്റില്‍പറത്തിയാണ് നടപടിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ശനിയാഴ്ചയാണ് ബംഗ്ളാദേശ് അതിര്‍ത്തിയില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ട ആക്രമണമുണ്ടായത്. ഇതില്‍ ആറു ആക്രമികളും കൊല്ലപ്പെട്ടിരുന്നു.
എന്നാല്‍, തൊട്ടുപിന്നാലെ ആക്രമണം ആസൂത്രണം ചെയ്തവരെ കണ്ടത്തൊനെന്ന പേരില്‍ സൈനിക നടപടി തുടങ്ങി. മാരകായുധങ്ങളുമായി നേരിട്ടവരെയാണ് കൊന്നതെന്നാണ് സൈന്യം പറയുന്നത്.
മുസ്ലിംകളായ റോഹിങ്ക്യകള്‍ ബംഗ്ളാദേശില്‍നിന്നും അനധികൃതമായി കുടിയേറിയവരാണെന്നാണ് രാജ്യത്തെ തീവ്ര ബുദ്ധ ദേശീയവാദികളുടെ ആരോപണം. വോട്ടവകാശം ഇല്ലാത്ത റോഹിങ്ക്യകള്‍ക്കെതിരായ വംശീയാതിക്രമം പതിവാണ്. ആക്രമണങ്ങള്‍ക്ക് അറുതിവരുത്താന്‍ സമാധാന നൊബേല്‍ ജേതാവ് ഓങ്സാന്‍ സൂചി നയിക്കുന്ന സര്‍ക്കാറിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.