നയ്പിഡാവ് (മ്യാന്മർ): റോഹിങ്ക്യകൾക്കെതിരായ കൊടിയ പീഡനവും പലായനവും പ്രതിക്കൂട്ടിലാക്കിയ മ്യാന്മർ ഭരണാധികാരി ഒാങ്സാൻ സൂചി പട്ടാളത്തെ ന്യായീകരിച്ച് രംഗത്ത്. സെപ്റ്റംബർ അഞ്ചിനുശേഷം റോഹിങ്ക്യകൾക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമായ റാഖൈനിൽ കലാപമുണ്ടായിട്ടില്ലെന്നും പട്ടാളം മുസ്ലിം ന്യൂനപക്ഷത്തിനെതിരെ പുറത്താക്കൽ നടപടി കൈക്കൊണ്ടിട്ടില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അവർ പറഞ്ഞു. ഇൗ വിഷയത്തിൽ അന്താരാഷ്ട്ര വിചാരണയെ ഭയമില്ല.
ഭൂരിപക്ഷം റോഹിങ്ക്യ ഗ്രാമങ്ങളും അക്രമമുക്തമാണെന്ന് സൂചി അവകാശപ്പെട്ടു. സൈന്യത്തോട് സംയമനം പാലിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരിച്ചടിയുടെ ഭാഗമായി വിനാശകരമായ ആക്രമണങ്ങൾ പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്. മുസ്ലിംകളുടെ പലായനത്തെപ്പറ്റി ആശങ്കയുണ്ടെന്നും രേഖകൾ പരിശോധിച്ച് തിരിച്ചുവന്നാൽ അവരെ തിരിച്ചെടുക്കുമെന്നും സൂചി പറഞ്ഞു. ആഗസ്റ്റ് 25ന് അക്രമമുണ്ടായ ശേഷം ആദ്യമായാണ് സൂചി പ്രതികരിക്കുന്നത്.
റാഖൈനാണ് (റോഹിങ്ക്യകൾക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനം) ലോകത്തിെൻറ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രമെന്ന് തനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു സൂചിയുടെ തുടക്കം. ഇതേപ്പറ്റി ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നു. എന്നാൽ, നടപടിയെടുക്കണമെങ്കിൽ അത് ഉറച്ച തെളിവുകളുടെ അടിസ്ഥാനത്തിലാകണമെന്ന് നൊബേൽ ജേതാവ് കൂടിയായ സൂചി കൂട്ടിച്ചേർത്തു. അതിനിടെ, സെപ്റ്റംബർ അഞ്ചിനുശേഷവും മുസ്ലിം ഗ്രാമങ്ങളിൽ പട്ടാളം തീയിടുന്നതിെൻറ ദൃശ്യങ്ങൾ ബി.ബി.സി സംേപ്രഷണം ചെയ്തു. റോഹിങ്ക്യകൾക്കെതിരായ പട്ടാള അടിച്ചമർത്തലിനെ ‘വംശീയ ഉന്മൂലനത്തിെൻറ പാഠപുസ്തക മാതൃക’യെന്ന് െഎക്യരാഷ്ട്രസഭ കുറ്റപ്പെടുത്തിയിട്ടും തെൻറ സൈനികർക്കെതിരെ ഒരു വാക്കുപോലും പറയാൻ പട്ടാള ഭരണകൂടം ദീർഘകാലം തടവിലിട്ട സൂചി തയാറായില്ല. ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്ത അവരുടെ പ്രസംഗം ലക്ഷങ്ങളാണ് കേട്ടത്.
എന്നാൽ, സൂചിയുടെ ‘മറുപടി’പ്രസംഗം അസത്യങ്ങളുടെ കൂമ്പാരവും ഇരകളെ പ്രതിക്കൂട്ടിലാക്കുന്നതുമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ ആരോപിച്ചു. റാഖൈനിലെ സൈനിക ക്രൂരത മറച്ചുവെക്കാൻ മ്യാന്മർ ഭരണാധികാരിയും ഭരണകൂടവും തല മണ്ണിൽ പൂഴ്ത്തിയിരിക്കുകയാണെന്ന് സൂചിയുടെ പ്രസംഗത്തെപ്പറ്റി ആംനസ്റ്റി ഇൻറർനാഷനലിെൻറ ദക്ഷിണ^കിഴക്കൻ ഏഷ്യ റീജനൽ ഡയറക്ടർ ജെയിംസ് ഗോമസ് പ്രതികരിച്ചു. ആരെയും ഭയക്കാനില്ലെങ്കിൽ യു.എൻ വസ്തുതാന്വേഷണ സംഘത്തിന് മ്യാന്മർ അനുമതി നൽകണമെന്നും സ്വതന്ത്രമായ പരിശോധനക്ക് അവസരമൊരുക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. പതിവ് നിഷേധം, പതിവ് സംസാരം എന്നായിരുന്നു സൂചിയുടെ പ്രസംഗത്തെപ്പറ്റി യു.കെയിലെ ബർമ കാമ്പയിൻ ഡയറക്ടർ മാർക്ക് ഫാമനറുടെ പ്രതികരണം.
തുടരുന്ന പലായനം
ആഗസ്റ്റിൽ അറാക്കൻ സാൽവേഷൻ ആർമി എന്ന പുതിയ സംഘടന പൊലീസ് പോസ്റ്റിൽ ആക്രമണം നടത്തി 12 പേരെ കൊലപ്പെടുത്തിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് സർക്കാർ വാദം. ഇതേതുടർന്ന് രാജ്യംവിട്ട് പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യകൾ മ്യാന്മർ സൈന്യത്തിെൻറ കൊടും ക്രൂരതകളുടെ കഥകളാണ് പറയുന്നത്. കത്തിയമരുന്ന നിരവധി റോഹിങ്ക്യൻ ഗ്രാമങ്ങളുടെ ദയനീയ കാഴ്ചകളാണ് സാറ്റലൈറ്റ് ദൃശ്യങ്ങളിലുള്ളത്. 4,21,000 റോഹിങ്ക്യകൾ ഇതുവരെ പലായനം ചെയ്തതായി യു.എൻ കുടിയേറ്റ ഏജൻസി പറയുന്നു. ദിനംപ്രതി 20,000ത്തോളം റോഹിങ്ക്യകളാണ് അതിർത്തിവിടുന്നത്. കഴിഞ്ഞ 25 ദിവസത്തിനിടെ 2,50,000 കുട്ടികൾ മ്യാന്മർ വിട്ടതായി യുനിസെഫ് വ്യക്തമാക്കുന്നു.
യു.എൻ സംഘത്തിന് അനുമതിയില്ല
ജനീവ: മ്യാന്മറിൽ സ്വതന്ത്രമായ പരിശോധനക്ക് അവസരം നൽകണമെന്ന െഎക്യരാഷ്ട്രസഭ വസ്തുതാന്വേഷണ സംഘത്തിെൻറ ആവശ്യം മ്യാന്മർ നിരാകരിച്ചു. കാര്യങ്ങൾ നേരിൽകണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്ന് അന്വേഷണസംഘത്തിെൻറ മേധാവി മർസൂക്കി ദാരുസ്മാൻ പറഞ്ഞു. അടിയന്തരശ്രദ്ധ പതിയേണ്ട ഗുരുതര മാനുഷിക പ്രതിസന്ധിയാണ് മ്യാന്മർ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൂചി നടത്തിയ പാർലമെൻറ് പ്രസംഗത്തിൽ അന്താരാഷ്ട്ര ഏജൻസികൾക്ക് രാജ്യത്ത് അന്വേഷണം നടത്താമെന്ന് വാഗ്ദാനം ചെയ്തെങ്കിലും തൊട്ടുപിന്നാലെ യു.എന്നിലെ മ്യാന്മർ സ്ഥാനപതി ഹിടിൻ ലിൻ അത് നിഷേധിച്ച് രംഗത്തെത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.