ന്യൂഡൽഹി: മുംബൈ ആക്രമണം പാക് ഭീകരർ നടത്തിയതാണെന്ന് പുറത്താക്കപ്പെട്ട പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ്. ഡോൺ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് 26/11 ഭീകരാക്രമണത്തിനു പിന്നിലെ പാക്ബന്ധം നവാസ് ശരീഫ് തുറന്നുസമ്മതിച്ചത്. രാജ്യത്ത് ഭീകരസംഘടനകൾ സജീവമാണെന്ന് ഇതാദ്യമായി പരസ്യമായി സമ്മതിച്ച ശരീഫ് അതിർത്തി കടന്ന് മുംബൈയിലെ 150ഒാളം പേരെ കൊല്ലാൻ ഭീകരരെ അനുവദിക്കുന്ന പാക് നയത്തെ ചോദ്യംചെയ്യുകയും ചെയ്തു.
എന്തുകൊണ്ട് ഈ ഭീകരാക്രമണ കേസിൽ നമുക്ക് വിചാരണ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും പാനമ പേപ്പർ കേസിൽ പാക് സുപ്രീംകോടതി പ്രധാനമന്ത്രിപദത്തിൽനിന്ന് ആജീവനാന്തം വിലക്കിയ നവാസ് ശരീഫ് അഭിമുഖത്തിൽ ചോദിച്ചു. റാവൽപിണ്ടി ഭീകരവിരുദ്ധ കോടതിയിൽ മുംെബെ ഭീകരാക്രമണ കേസ് വിചാരണ നിലച്ചിരിക്കുകയാണ്.
2008 നവംബർ 26ന് മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലശ്കറെ ത്വയ്യിബയാണെന്ന് ഇന്ത്യ നേരത്തേതന്നെ ആരോപിച്ചിരുന്നെങ്കിലും പാകിസ്താൻ നിഷേധിക്കുകയായിരുന്നു. രാജ്യത്തെ വാണിജ്യ തലസ്ഥാനത്തെ മൂന്നുദിവസം ബന്ദിയാക്കി 10 ലശ്കർ ഭീകരർ അന്ന് നടത്തിയ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താൻ സ്വയം ഒറ്റപ്പെടുകയായിരുന്നുവെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നമ്മൾ നമ്മളെ സ്വയം ഒറ്റപ്പെടുത്തുകയായിരുന്നു. നമ്മുടെ വിശദീകരണം സ്വീകരിക്കപ്പെട്ടില്ല, അഫ്ഗാനിസ്താേൻറത് സ്വീകരിക്കപ്പെട്ടു. ഇത് നമ്മൾ പരിഗണിക്കേണ്ടതുണ്ട്- ശരീഫ് പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് സഈദിെൻറയും മൗലാന മസൂദ് അസ്ഹറിെൻറയും ഭീകരസംഘടനകളായ ജമാഅത്തുദ്ദഅ്്വയെയും ജെയ്ശെ മുഹമ്മദിനെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും രാജ്യത്ത് ഭീകര സംഘടനകൾ സജീവമാണെന്നും ശരീഫ് പറഞ്ഞു.
രാജ്യരഹിത ശക്തികൾ എന്നാണ് ഭീകരസംഘങ്ങളെ അദ്ദേഹം അഭിമുഖത്തിൽ വിശേഷിപ്പിച്ചത്. ഇത്തരം സംഘങ്ങൾ അതിർത്തികടന്ന് ഭീകരപ്രവർത്തനം നടത്തുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളങ്ങളും ചതിയുമല്ലാതൊന്നും പാകിസ്താൻ തങ്ങൾക്ക് നൽകിയിട്ടില്ലെന്നും ഭീകരരുടെ സുരക്ഷിത താവളമാണ് പാകിസ്താനെന്നും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആരോപിച്ചത് അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.