ഇസ്ലാമാബാദ്: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി നവാസ് ഷെരീഫ് പാകിസ്താനിലേക്ക് ക്ഷണിച്ചു. ക്ഷണത്തിന് നന്ദി പറഞ്ഞ ട്രംപ് പാകിസ്താന് എല്ലാ തരത്തിലുമുള്ള പിന്തുണ വാഗ്ദാനം ചെയ്തു. വിശിഷ്ടമായ രാജ്യത്തേക്ക് വരാന്‍ തനിക്ക് സന്തോഷം മാത്രമേ ഉള്ളുവെന്നാണ് ട്രംപ് പ്രതികരിച്ചതെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
എല്ലാ അര്‍ത്ഥത്തിലും നവാസ് ഷെരീഫ് വളരെ നല്ല പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. നിങ്ങളെ എത്രയും പെട്ടെന്ന് നേരിട്ട് കാണാനാണ് ആലോചിക്കുന്നതെന്നും ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപിനെ അഭിന്ദനങ്ങളറിയിക്കാൻ വിളിച്ച നവാസിനോട് വളരെ ഹൃദ്യമായ രീതിയിലാണ് ട്രംപ് സംസാരിച്ചത്.
നവാസ് ഷെരീഫിനോട് സംസാരിക്കുമ്പോള്‍ വളരെ നാളായി പരിചയമുള്ള ഒരാളോട് സംസാരിക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും ട്രംപ് പറഞ്ഞതായി പത്രക്കുറിപ്പില്‍ പറയുന്നു. പാകിസ്താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്ത് സഹായം ചെയ്യാനും തയ്യാറാണെന്ന ട്രംപ് പറഞ്ഞതായും പാകിസ്താന്‍ വ്യക്തമാക്കുന്നു.
ഇന്ത്യ-പാകിസ്താൻ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒബാമയെ പോലെ തന്നെ ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാൽ മാത്രമേ മധ്യസ്ഥത വഹിക്കൂ എന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രശ്നത്തിൽ മൂന്നാമതൊരാൾ ഇടപെടുന്നതിനോട് ഇന്ത്യക്ക് താൽപര്യമില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.